Saturday, July 27, 2024
Google search engine
HomeIndiaവെള്ളപ്പൊക്കത്തെ പേടി​ക്കേണ്ട; പൊക്കിപ്പിടിക്കുകയാണ്​ ഇവർ വീട്​

വെള്ളപ്പൊക്കത്തെ പേടി​ക്കേണ്ട; പൊക്കിപ്പിടിക്കുകയാണ്​ ഇവർ വീട്​

കുമരകം, ഇല്ലിക്കൽ, ചുങ്കം പഴയ സെമിനാരി ഭാഗത്തായി 15 വീടുകളാണ്​ ഇത്തരത്തിൽ ഉയർത്തിയത്

മഴക്കാലത്ത്​ പ്രളയം വന്നാലും ഇനി ഇവർ വീട്​ വി​ട്ടോടില്ല. കാരണം വെള്ളപ്പൊക്കത്തെ പേടിച്ചുള്ള ഓട്ടം മടുത്ത്​ ആധുനിക സാ​ങ്കേതിക വിദ്യയുടെ സഹായത്തോടെ വീട്​ ‘പൊക്കി’പ്പിടിക്കുകയാണ്​ കോട്ടയം ചുങ്കം, കുമരകം മേഖലകളിലെ വീട്ടുകാർ. ഓരോ പ്രളയകാലത്തും വീട്​ ഉപേക്ഷിച്ചുപോകേണ്ട ഗതികേടാണ്​ ഇവരെക്കൊണ്ട്​ മാറിച്ചിന്തിപ്പിച്ചത്​.​

കുമരകം, ഇല്ലിക്കൽ, ചുങ്കം പഴയ സെമിനാരി ഭാഗത്തായി 15 വീടുകളാണ്​ ഇത്തരത്തിൽ ഉയർത്തിയത്​. ആറുവീടുകൾ ഉയർത്തുന്ന പണി പുരോഗമിക്കുകയാണ്.​ എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന മേഖലകളാണ്​ ഇതൊക്കെ. മഴ കനത്തുകഴിഞ്ഞാൽ ഇരുട്ടിവെളുക്കും മുമ്പ്​ മീനച്ചിലാറി​​െൻറ കരയിലുള്ള വീടുകൾക്കുള്ളിൽ വെള്ളമെത്തും. പിന്നെ വീട്ടുസാധനങ്ങൾ മുകളിൽ എടുത്തുവെച്ച്​ വീടുകൾ പൂട്ടി വള്ളങ്ങളിൽ ബന്ധുവീടുകളിലേക്കോ ഹോട്ടലുകളിലേക്കോ താമസം മാറുകയാണ്​ പതിവ്​. ചിലർ രണ്ടുമാസത്തേക്ക്​ ഫ്ലാറ്റ്​ വാടകക്കെടുത്ത്​ മാറും. എന്നാൽ, 2018ലെ പ്രളയം പ്രതീക്ഷിച്ചതിലുമധികം ഇവരെ ഭീതിയിലാക്കി. പലയിടത്തും വെള്ളം തലക്കുമീതെ ഉയർന്നു. ഇതോടെ പലരും കിട്ടിയ വിലയ്​ക്ക്​ വീട്​ വിറ്റൊഴിഞ്ഞ​ു. വെള്ളം കയറുന്നതിനാൽ വാടകക്കാർക്കും താൽപര്യമില്ല.​ നിവൃത്തിയില്ലാതായതോടെയാണ്​ വീട്​ ഉയർത്തുന്നതിനെ കുറിച്ച്​ ചിന്തിച്ചത്​. അങ്ങനെ പണിയും തുടങ്ങി.

  കൊച്ചി ആസ്ഥാനമായ ‘ഒപ്​ട്യൂം ബിൽഡേഴ്​സ്​’ ആണ്​ വീട്​ ഉയർത്താൻ കരാർ ഏറ്റെടുത്തിരിക്കുന്നത്​​. അടിത്തറ പൊളിച്ച്​ വീടിനെ ആദ്യം ജാക്കിയിൽ നിർത്തുകയാണ്​ ചെയ്യുന്നത്​. ജാക്കിയുടെ മുകളിൽ ഇരുമ്പുപാളി ഘടിപ്പിച്ച്​ വീട്​ ബലവത്താക്കും. തുടർന്ന്​ ജാക്കി ഉയർത്തി അടിത്തറ പൊക്കിക്കെട്ടിക്കൊണ്ടുവരും. ദിവസം ഒരടിയാണ്​ ഉയർത്തുക.

വീടി​​െൻറ വലുപ്പമനുസരിച്ച്​ രണ്ടുമാസം വരെയെടുക്കും പണി പൂർത്തിയാകാൻ. ചുങ്കത്ത്​ മൂന്നു വീടുകൾ​ അഞ്ചടിയാണ്​ ഉയർത്തിയത്​. കുമരകത്ത്​ തോടി​​െൻറ നിരപ്പിൽ കിടന്നിരുന്ന 7000 ചതുരശ്ര അടിയുള്ള ​വീട്​ ഉയർത്തിക്കഴിഞ്ഞു. പുതിയ സ്ഥലത്ത്​ വീട്​ നിർമിക്കുന്നതിനെക്കാൾ ലാഭകരമാണ്​ നിലവിലെ വീട്​ ഉയർത്തുന്നതെന്ന്​ വീട്ടുടമകൾ പറയുന്നു. മഴ കനക്കും മുമ്പ്​ വീട്​ ഉയരത്തിലെത്തിക്കുന്നതിനുള്ള തിരക്കിലാണ്​ ഇവർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com