Thursday, April 18, 2024
Google search engine
HomeIndiaവിക്ടോറിയ വെള്ളച്ചാട്ടത്തിനരികില്‍ സാഹസികരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന 'ചെകുത്താന്‍റെ തടാകം

വിക്ടോറിയ വെള്ളച്ചാട്ടത്തിനരികില്‍ സാഹസികരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ‘ചെകുത്താന്‍റെ തടാകം

വിക്ടോറിയ വെള്ളച്ചാട്ടത്തിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. സാംബിയക്കും സിംബാബ്‌വേയ്ക്കുമിടയില്‍ സാംബസി നദിയിലായി സ്ഥിതി ചെയ്യുന്ന വിക്ടോറിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. 

ആയിരക്കണക്കിനു വര്‍ഷമായി വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കു കാരണം പാറകളുടെ ദ്രവീകരണത്തിന്‍റെ ഫലമായി വെള്ളച്ചാട്ടത്തിനു സമീപം നിരവധി കുളങ്ങള്‍ രൂപം കൊണ്ടു. അവയിലൊന്നാണ് സഞ്ചാരികള്‍ക്കിടയില്‍ ‘ഡെവിള്‍സ് പൂള്‍’ എന്നറിയപ്പെടുന്ന തടാകം. വെള്ളച്ചാട്ടത്തിനഭിമുഖമായി ഒരു വശം പൂര്‍ണ്ണമായും തുറന്ന് ഈ തടാകം, സാഹസിക സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 

ഒന്നു തെന്നിയാല്‍ മതി, ജീവിതം തീരാന്‍

വിക്ടോറിയക്കടുത്തുള്ള ലിവിംഗ്സ്റ്റണ്‍ ദ്വീപിലാണ് ഈ ഇന്‍ഫിനിറ്റി പൂള്‍ സ്ഥിതി ചെയ്യുന്നത്. കുളത്തില്‍ നീന്തി അറ്റത്തെത്തി ഒന്ന് തെന്നിയാല്‍ നൂറു മീറ്റര്‍ താഴെ വെള്ളച്ചാട്ടത്തിലേക്ക് പതിക്കും. പ്രാഥമിക സുരക്ഷയ്ക്കായി ഇതിനറ്റത്ത് പാറക്കല്ലുകള്‍ കൊണ്ട് ചെറിയ ഭിത്തി കെട്ടിയിട്ടുണ്ട്. താഴേയ്ക്ക് വീണു പോകാതിരിക്കാനായി താല്‍ക്കാലിക സുരക്ഷ എന്ന നിലയില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ ഭിത്തിയും പൂര്‍ണ്ണ സുരക്ഷ നല്‍കുമെന്ന് ഉറപ്പു പറയാനാവില്ല.

ലിവിംഗ്സ്റ്റൺ ദ്വീപില്‍ നിന്നും സാംബെസി നദിയിലൂടെ ഏകദേശം 100 ​​മീറ്റർ  നീന്തി വേണം ഡെവിൾസ് പൂളിലെത്താന്‍. സാധാരണയായി വയറിനൊപ്പം ആഴത്തില്‍ മാത്രമേ ഇവിടെ വെള്ളം കാണൂ. ഓരോ മിനിറ്റിലും വെള്ളച്ചാട്ടത്തിന് മുകളിലൂടെ കടന്നുപോകുന്ന 500 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം മൂലം അപകടത്തിലാവാതിരിക്കാന്‍ സുരക്ഷാ മുൻകരുതലായി ഗൈഡുകള്‍ക്കൊപ്പം മാത്രമേ ഇവിടേക്ക് പ്രവേശനം സാധ്യമാകൂ.

ഊലാനയുടെ കരച്ചില്‍

  അദ്ഭുതകരമായ ഈ കുളം എങ്ങനെയാണ് ഉണ്ടായത് എന്നതിനെക്കുറിച്ച് യിഡിഞ്ചി ഗോത്രക്കാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. ഈ ഗോത്രത്തില്‍ പെട്ട ഊലാന എന്ന യുവതിയുടെ വിവാഹം സ്വഗോത്രത്തില്‍പ്പെട്ട ഒരാളുമായി നിശ്ചയിച്ചു. എന്നാല്‍ ഡൈഗ എന്ന് പേരുള്ള അന്യഗോത്രത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു ഊലാന. വിവാഹത്തിന് മുന്നേ ഇരുവരും കൂടി ഒളിച്ചോടി. ഒരുമിച്ചു ജീവിതം തുടങ്ങും മുന്നേ ഗോത്രക്കാര്‍ അവരെ കണ്ടെത്തി. ഡൈഗയെ പിടിച്ചു കെട്ടി. ഊലാനയാകട്ടെ, വിഷമം സഹിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി. അങ്ങനെയാണ് ഡെവിള്‍സ് പൂള്‍ രൂപം കൊണ്ടതെന്നും വെള്ളത്തിന്‍റെ ശബ്ദം ഊലാനയുടെ കരച്ചിലാണെന്നും ഇവര്‍ വിശ്വസിക്കുന്നു.

  ഗതികിട്ടാതെ അലയുന്ന ഊലാനയുടെ ആത്മാവ് ഇന്നും ഇവിടെയുണ്ടെന്നും ഇവിടെയെത്തുന്ന യുവാക്കളെ അപകടത്തില്‍പ്പെടുത്താന്‍ അത് ശ്രമിക്കുന്നുവെന്നും പ്രദേശവാസികള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്. 1959 മുതലുള്ള കാലയളവില്‍ ഇരുപതോളം അപകട മരണങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.

എങ്ങനെ സന്ദര്‍ശിക്കും?

വിക്ടോറിയക്കടുത്ത് ലിവിംഗ്സ്റ്റണ്‍ ദ്വീപ്‌ സന്ദര്‍ശനത്തിനായി പ്രത്യേക സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ടൂറിസ്റ്റുകള്‍ക്ക് ഈ അനുഭവം ബുക്ക് ചെയ്യാം. ഒരാള്‍ക്ക് 110 ഡോളര്‍ മുതലാണ്‌ നിരക്ക്.

   ഡ്രൈ മാൻസിക്കും റോയൽ ലിവിംഗ്സ്റ്റണിനുമിടയിലാണ്  ടൂർ തുടങ്ങുക. ഇവിടെ നിന്നും സഞ്ചാരികളെ ഒരു ബോട്ടില്‍ കയറ്റി ലിവിംഗ്സ്റ്റൺ ദ്വീപിലേക്ക് കൊണ്ടു പോകുന്നു. ഓരോ ഗ്രൂപ്പിലും 24 പേര്‍ വരെയാണ് ഉണ്ടാവുക. ദ്വീപിലെ കാഴ്ചകള്‍ ചുറ്റിക്കണ്ട ശേഷം നേരെ പൂളിലേക്ക്. ഒന്നര മണിക്കൂര്‍ സമയം കുളത്തില്‍ നീന്താം. അവിടെ സമയം ചെലവഴിച്ച ശേഷം ഇവിടുത്തെ സ്പെഷ്യല്‍ ഭക്ഷണങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com