സീരിയൽ നടിയെ കഴിഞ്ഞദിവസം പൊലീസ് ചോദ്യംചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു
കൊട്ടിയം: നിശ്ചയിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സംഭവത്തിൽ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന കൊല്ലം പള്ളിമുക്ക് ഇക്ബാൽനഗർ സ്വദേശി ഹാരിഷിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹാരിഷിെൻറ മാതാവും സഹോദരഭാര്യയായ സീരിയൽ നടിയും കേസിൽ പ്രതികളായേക്കും. വ്യക്തമായ തെളിവുകൾ ശേഖരിച്ചാകും ഇവരുടെ അറസ്റ്റ്. സീരിയൽ നടിയെ കഴിഞ്ഞദിവസം പൊലീസ് ചോദ്യംചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് വിവരം.
റിമാൻഡിൽ കഴിയുന്ന ഹാരിഷുമായി ബന്ധമുണ്ടായിരുന്ന നിരവധിപേരുടെ ഫോൺ രേഖകൾ പരിശോധിച്ചുവരികയാണ്. സീരിയൽ നടിയെയും ഹാരിഷിെൻറ മാതാപിതാക്കളെയും തെളിവുകൾ ശേഖരിച്ചശേഷം വീണ്ടും ചോദ്യംചെയ്യും. മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. പൂർണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചശേഷമാകും അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക.
ഹാരിഷും ബന്ധുക്കളും ചേർന്ന് യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. മധ്യ കേരളത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടന്നതെന്നാണ് വിവരം. ഇതിനായി ജമാഅത്തിെൻറ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിെൻറ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്തും രംഗത്തെത്തി. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ ചാത്തന്നൂർ അസിസ്റ്റൻറ് പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ഒമ്പതംഗസംഘമാണ് പഴുതടച്ച അന്വേഷണം നടത്തുന്നത്.
ഇതിനിടെ കേസിൽ പ്രതിയാകുമോ എന്ന് ഭയന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ നീക്കംനടക്കുന്നതായും സൂചനയുണ്ട്. സംഭവത്തിൽ വനിത കമീഷൻ അന്വേഷണ വിവരങ്ങൾ നിരീക്ഷിച്ചുവരികയാണ്. കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് 24കാരിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.