45 മണിക്കൂർ കോൾഡ് സ്റ്റോറേജിലിരുന്ന മൃതദേഹത്തിൽനിന്ന് പൊലീസുദ്യോഗസ്ഥക്ക് കോവിഡ്
തൃശൂർ: അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കോവിഡ് പകർന്നത് മൃതദേഹ പരിശോധനയിൽ നിന്നെന്ന് നിഗമനം. ഇക്കഴിഞ്ഞ അഞ്ചിന് അരിമ്പൂരിൽ കുഴഞ്ഞു വീണ് മരിച്ച വത്സലയുടെ 45 മണിക്കൂർ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ സംഘത്തിൽ പൊലീസുദ്യോഗസ്ഥയുമുണ്ടായിരുന്നു. ഇവരായിരുന്നു പരിശോധന നടത്തിയിരുന്നത്. മൃതദേഹത്തിൽ കൂടിയാൽ ആറ് മണിക്കൂർ മാത്രമേ വൈറസിെൻറ സാന്നിധ്യമുണ്ടാവൂ എന്ന ശാസ്ത്രീയ വിശദീകരണവും തെറ്റുന്നതാണ് ഇവിടെ കാണുന്നത്.
45 മണിക്കൂർ പൂജ്യം ഡിഗ്രി താപനിലയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ ആദ്യം രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ശ്വാസനാളത്തിൽ നിന്നുള്ള സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമാവാത്ത സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടം നീട്ടിവെച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പോസ്റ്റ്മോർട്ടവും സംസ്കാരവുമെങ്കിലും രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൻറ ആശങ്കയിലാണ് ആരോഗ്യമേഖലയിലുള്ളവർ.
ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരിലും ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചതോടെ പൊലീസുകാരും ആശങ്കയിലാണ്. ഗുരുവായൂരിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള ബസിലെ കണ്ടക്ടർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ ബസിൽ യാത്ര ചെയ്തിരുന്ന മകൾ നിരീക്ഷണത്തിലിരിക്കെ കൂട്ടിനുണ്ടായിരുന്ന വത്സല വീട്ടിൽ കുഴഞ്ഞു വീണതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മരിച്ചു. ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു എന്നതും ഏറെ ഭീതിയുണ്ടാക്കുന്നതാണെന്നും സുരക്ഷസൗകര്യങ്ങളുടെ അനിവാര്യത ഇക്കാര്യം ഓർമപ്പെടുത്തുന്നുവെന്നും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ഹിതേഷ് ശങ്കർ പറയുന്നു.