മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ തെളിവുകളുമുണ്ട്. എന്നാൽ, കുട്ടിയുടെ മൊഴി വിശ്വസിക്കാൻ തെളിവില്ലെന്ന് ഐ.ജി തന്നെ പറയുന്നത് കേസ് ദുർബലമാക്കുന്നതാണ്
കണ്ണൂർ: പാലത്തായി പീഡനക്കേസിെൻറ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ നീതികിട്ടുമെന്ന് ഇനി പ്രതീക്ഷിക്കുന്നില്ലെന്നും കേസന്വേഷണത്തിൽനിന്ന് അദ്ദേഹത്തെ മാറ്റണമെന്നും അവർ ‘മാധ്യമ’ത്തോട് പറഞ്ഞു. മജിസ്ട്രേറ്റ് മുമ്പാകെ 164 വകുപ്പ് പ്രകാരം പെൺകുട്ടി നൽകിയ രഹസ്യമൊഴി ഉൾപ്പെടെ പങ്കുവെക്കുന്ന ശ്രീജിത്തിെൻറ ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് മാതാവിെൻറ പ്രതികരണം.
ഐ.ജിയെ നീക്കണമെന്നും കേസിെൻറ മേൽനോട്ട ചുമതല വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. പുറത്തുവന്ന േഫാൺ സംഭാഷണത്തിൽ ഐ.ജി ശ്രീജിത്ത് വെളിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം പ്രതിയെ സഹായിക്കുന്നതാണെന്ന് മാതാവ് ചൂണ്ടിക്കാട്ടി. അധ്യാപകനെതിരായ മൊഴി ഇതുവരെ മകൾ മാറ്റിപ്പറഞ്ഞിട്ടില്ല. മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ തെളിവുകളുമുണ്ട്. എന്നാൽ, കുട്ടിയുടെ മൊഴി വിശ്വസിക്കാൻ തെളിവില്ലെന്ന് ഐ.ജി തന്നെ പറയുന്നത് കേസ് ദുർബലമാക്കുന്നതാണ്.
കേസന്വേഷണത്തിെൻറ പുരോഗതി അന്വേഷിക്കാൻ വിളിച്ച വ്യക്തിയുമായുള്ളതെന്ന രീതിയിൽ ഐ.ജിയുടെ സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു. പീഡനം നടന്നുവെന്ന് കുട്ടി പറയുന്ന തീയതികളിൽ അധ്യാപകൻ സ്കൂളിലുണ്ടായിരുന്നില്ല, പീഡനം നടന്ന സ്കൂളിലെ ബാത്ത് റൂം വാതിലിന് കൊളുത്തില്ല, അധ്യാപകെൻറ മൊബൈൽ െലാക്കേഷൻ ഹിസ്റ്ററി ഉൾപ്പെടെയുള്ള തെളിവുകൾ, പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ല എന്നിങ്ങനെയുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ഐ.ജി ശ്രീജിത്ത്, അതനുസരിച്ച് പോക്സോ വകുപ്പ് ചുമത്താനാവില്ലെന്നുമാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്.
ബി.ജെ.പി നേതാവും പാലത്തായി യു.പി സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്കൂളിെല ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കി. തൊട്ടടുത്ത ദിവസം പ്രതിക്ക് ജാമ്യവും ലഭിച്ചു. അതിന് പിന്നാലെയാണ് ഐ.ജി ശ്രീജിത്തിെൻറ ഫോൺ സംഭാഷണം പുറത്തുവന്നത്.