ന്യൂഡൽഹി: പാർലമെൻറിൽ തനിക്കെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ ദുഃഖം രേഖപ്പെടുത്തി രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് സിങ് ഏകദിന ഉപവാസം അനുഷ്ഠിക്കുമെന്ന് അറിയിച്ചു. രാജ്യസഭയിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് പാർലമെൻറ് സമുച്ചയത്തിലെ പുൽത്തകിടികളിൽ ധർണയിരിക്കുന്ന എട്ട് പ്രതിപക്ഷ എം.പിമാരെ സന്ദർശിച്ച് അവർക്ക് ചായ നൽകിയതിന് തൊട്ടുപിന്നാലെയാണ് ഹരിവൻഷ് ഏകദിന ഉപവാസം ആചരിക്കുമെന്ന് അറിയിച്ചത്. ബുധനാഴ്ച വരെ ഉപവാസമിരിക്കുമെന്ന് അറിയിച്ച് ഹരിവൻഷ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് കത്ത് നൽകി.
ഞായറാഴ്ച ശബ്ദ വോട്ടിലൂടെ പാസാക്കിയ കാർഷിക ബില്ലുകളിൽ വോട്ടെടുപ്പ് വേണമെന്നാവശ്യം നിരസിച്ച രാജ്യസഭ ഉപാധ്യക്ഷെൻറ നടപടിയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രകോപിതരാവുകയായിരുന്നു. സഭയുടെ നടുത്തളത്തിലേക്കും ഉപാധ്യക്ഷെൻറ ഡയസിലും കയറിയ പ്രതിപക്ഷ അംഗങ്ങൾ സഭാചട്ടങ്ങളുടെ പുസ്തകം കീറി എറിയുകയും ചെയ്തിരുന്നു.
രാജ്യസഭയിൽ തനിക്കെതിരെ സംഭവിച്ച കാര്യങ്ങളിൽ വളരെയധികം ദുഃഖമുണ്ടെന്നും മാനസിക ക്ലേശം മൂലം കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ഹരിവൻഷ് രാജ്യസഭ അധ്യക്ഷന് നൽകിയ കത്തിൽ പറയുന്നു.