തിരുവനന്തപുരം: പെരിയ ഇരട്ടകൊലകേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ട്. അന്വേഷണം സി.ബി.ഐക്ക് നൽകികൊണ്ടുള്ള ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയേക്കും. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് നിയമോപദേശം തേടിയെന്നാണ് വാർത്തകൾ.
2019 ഫെബ്രുവരി 17നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച മാതാപിതാക്കൾ നൽകിയ ഹരജിയെത്തുടർന്ന് 2019 സെപ്റ്റംബർ 30ന് ഹൈകോടതി സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് കേസ്റ്റ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചു.
ഇതിനിടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ സമർപ്പിച്ചു. ഈ അപ്പീലിലും സർക്കാറിന് അനുകൂലമായ വിധിയുണ്ടായില്ല. ഇതേ തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.