ലണ്ടൻ: തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ച് കുതിക്കുകയായിരുന്ന ഇറ്റലിക്ക് കൂച്ചുവിലങ്ങിട്ട് ബോസ്നിയ.
യുവേഫ നേഷൻസ് ലീഗ് ‘എ’ ഗ്രൂപ് ഒന്നിലെ മത്സരത്തിൽ 1-1നാണ് ബോസ്നിയ-ഹെർസഗോവിന ഇറ്റലിയുടെ ൈജത്രയാത്രക്ക് തടയിട്ടത്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ നെതർലൻഡ്സ് 1-0ത്തിന് പോളണ്ടിനെ വീഴ്ത്തി ആശ്വസിച്ചു.
ലോറൻസോ ഇൻസിനെ, ആന്ദ്രെ ബെലോട്ടി എന്നിവരുമായി തുടങ്ങിയ ഇറ്റലിക്കെതിരെ 57ാം മിനിറ്റിൽ എഡിൻ സെകോയുടെ ഗോളിലാണ് ബോസ്നിയ വല കുലുക്കിയത്. അപ്രതീക്ഷിതമായി ബോസ്നിയക്കാർ മുന്നിലെത്തിയതോടെ അസൂറിപ്പട ഇളകി. ഒടുവിൽ 67ാം മിനിറ്റിൽ ഇൻസിനെയും സ്റ്റെഫാനോ സെൻസിയും നടത്തിയ ശ്രമം ഡിഫ്ലക്ടഡ് ഗോളായി സമാപിച്ചു.
ഡച്ച് എസ്കേപ്
സൂപ്പർ കോച്ച് റൊണാൾഡ് കൂമാൻ ബാഴ്സലോണയിലേക്ക് കൂടുമാറിയ ഞെട്ടലിൽനിന്ന് മുക്തരാവാത്ത നെതർലൻഡ്സിനെ 61ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്വിെൻറ ഗോളാണ് രക്ഷിച്ചത്.
കൂമാെൻറ അസിസ്റ്റൻറായിരുന്ന ഡ്വിറ്റ് ലോവെഗാസിനു കീഴിലാണ് ഡച്ചുകാർ കളത്തിലിറങ്ങിയത്.