Monday, October 7, 2024
Google search engine
HomeIndiaചെൽസിക്കെതിരെ ഗോൾമഴ പെയ്യിച്ച് ചെമ്പട കിരീടം ഏറ്റുവാങ്ങി; യുണൈറ്റഡിന് സമനില

ചെൽസിക്കെതിരെ ഗോൾമഴ പെയ്യിച്ച് ചെമ്പട കിരീടം ഏറ്റുവാങ്ങി; യുണൈറ്റഡിന് സമനില

ലണ്ടൻ∙ മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കുശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന അവസാന മത്സരം ആവേശകരമാക്കി ഗോൾമഴ പെയ്യിച്ചാണ് ലിവർപൂൾ കിരീടം ഏറ്റുവാങ്ങിയത്. ആൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ നടന്ന ആവേശമൊഴിയാത്ത മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ ചെൽസിയെ വീഴ്ത്തിയത്.

നബി കെയ്റ്റ (23), അലെക്സാണ്ടർ അർണോൾഡ് (38) ജോർജിനോ വിനാൾഡം (43), റോബർട്ടോ ഫിർമിനോ (54), ഓക്‌ലെയ്ഡ് ചേംബർലെയ്ൻ (84) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ഒലിവർ ജിറൂദ് (45+3), ടാമി ഏബ്രഹാം (61), ക്രിസ്റ്റ്യൻ പുലിസിച്ച് (73) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.

വിജയത്തോടെ 37 മത്സരങ്ങളിൽനിന്ന് ലിവർപൂളിന് 96 പോയിന്റായി. ന്യൂകാസിലിന്റെ തട്ടകത്തിൽ ഞായറാഴ്ച നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ ജയിച്ചാൽ 99 പോയിന്റുമായി ലിവർപൂളിന് സീസൺ അവസാനിപ്പിക്കാം. അതേസമയം, തോറ്റതോടെ ചെൽസിയുടെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. നിലവിൽ 37 കളികളിൽനിന്ന് 63 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തുണ്ടെങ്കിലും അവസാന മത്സരത്തിൽ വൂൾവ്സിനെതിരെ ജയിച്ചാൽ മാത്രമേ അവർക്ക് ചാംപ്യൻസ് ലീഗ് ബർത്ത് ഉറപ്പുള്ളൂ. 

മറ്റൊരു ലീഗ് മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെസ്റ്റ്ഹാം യുണൈറ്റഡ് സമനിലയിൽ തളച്ചു. ജയിച്ചെങ്കിൽ ചാംപ്യൻസ് ലീഗ് ബർത്ത് ഏറെക്കുറെ ഉറപ്പായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളടിച്ചാണ് വെസ്റ്റ് ഹാമുമായി സമനിലയിൽ പിരിഞ്ഞത്. വെസ്റ്റ് ഹാമിനായി അന്റോണിയോ ആദ്യപകുതിയുടെ ഇൻജറി ടൈമിൽ പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ടു. 51–ാം മിനിറ്റിൽ മേസൺ ഗ്രീൻവുഡാണ് യുണൈറ്റഡിന്റെ സമനില ഗോൾ നേടിയത്. ഇതോടെ 37 കളികളിൽനിന്ന് 63 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് കയറി. ചെൽസി ലിവർപൂളിനോടു തോറ്റതാണ് യുണൈറ്റഡിന് അനുഗ്രഹമായത്. മറുവശത്ത് സമനിലയോടെ വെസ്റ്റ് ഹാം തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷപ്പെട്ടു.

ഇതോടെ, ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരങ്ങൾ ചാംപ്യൻസ് ലീഗ് ബർത്ത് ഉന്നമിടുന്ന ടീമുകൾക്ക് പ്രധാനമായി. ചാംപ്യൻമാരായ ലിവർപൂൾ, രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി എന്നിവർ മാത്രമാണ് ഇതുവരെ ചാംപ്യൻസ് ലീഗ് യോഗ്യ ഉറപ്പാക്കിയത്. ഇനിയുള്ള രണ്ട് സ്ഥാനങ്ങൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലെസ്റ്റർ സിറ്റി എന്നിവർ തമ്മിലാണ് പോരാട്ടം. അവസാന മത്സരത്തിൽ യുണൈറ്റഡിന് എതിരാളി ലെസ്റ്റർ സിറ്റിയാണ്. ചെൽസിക്ക് ആറാം സ്ഥാനക്കാരായ വൂൾവ്സും. ഇവരിൽ ജയിക്കുന്നവർക്ക് അനായാം മുന്നേറാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com