ന്യൂഡൽഹി ∙ ചെക്ക് നൽകിയതു മടങ്ങുന്നത് ഉൾപ്പെടെ 19 നിയമങ്ങളിൽപ്പെട്ട 39 തരം കുറ്റകൃത്യങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ആലോചിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ വിദഗ്ധരുടെയും പൊതു ജനങ്ങളുടെയും അഭിപ്രായം തേടി. കോവിഡിനെത്തുടർന്ന് സാമ്പത്തിക രംഗം എത്തി നിൽക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് വ്യാപാര, വ്യവസായ മേഖലയ്ക്ക് കുറച്ചു കൂടി സ്വതന്ത്രമായി പ്രവർത്തിക്കാൻ വേണ്ടിയാണ് ഇവയെ കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കുന്നത്. ബിസിനസ് രംഗം മെച്ചപ്പെടുത്തുക, കോടതികളുടെ ഇടപെടൽ കുറയ്ക്കുക, വ്യവഹാരങ്ങൾ പരിമിതപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇതു സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും ഈ മാസം 23നു മുൻപ് കേന്ദ്രധനമന്ത്രാലയത്തിനെ അറിയിക്കണം. ഇ–മെയിൽ: [email protected] നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് ഇതിലെ പലതും കുറ്റകൃത്യങ്ങളാകുന്നത്. പലതിനും പിഴയും തടവും ശിക്ഷയായുണ്ട്. പലപ്പോഴും ഈ കേസുകളിൽപ്പെടുന്നവർ ദീർഘകാലം കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണ്. ചെക്ക് ബൗൺസ് ചെയ്യുന്ന കുറ്റത്തിന് ഇരട്ടിത്തുക അടയ്ക്കണം എന്നു മാത്രമല്ല രണ്ടു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കുകയും വേണം. മാറ്റാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട വകുപ്പുകൾ ഇൻഷുറൻസ് നിയമം: 1938ലെ സെക്‌ഷൻ 12, സർഫാസി നിയമം: 2002–ലെ സെക്‌ഷൻ 29, പിഎഫ്ആർഡിഎ നിയമത്തിലെ 16 (7), 32 (1) വകുപ്പുകൾ, ആർബിഐ നിയമം: 2013ലെ സെക്‌ഷൻ 58 (ബി), പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം സെക്‌ഷൻ 26(1), 26 (4), നബാർഡ് ആക്ട്: 1981 സെക്‌ഷൻ 56(1), എൻഎച്ച്ബി ആക്ട്: സെക്‌ഷൻ 49, സ്റ്റേറ്റ് ഫൈനാൻഷ്യൽ കോർപറേഷൻസ് ആക്ട്: 1951–സെക്‌ഷൻ 42, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി ആക്ട്: സെക്ഷൻ 23. ബാങ്കിങ് റെഗുലേഷൻ ആക്ട്: 1949 സെക്ഷൻ 36 എ ഡി 2, 46. 2011ലെ ഫാക്ടറി നിയന്ത്രണ നിയമം: 23 വിഭാഗം, ബാനിങ് ഓഫ് അൺ റഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് ആക്ട്: 2019ലെ സെക്‌ഷൻ 21, 1982ലെ ചിട്ട് ഫണ്ട് നിയമം: സെക്‌ഷൻ 76. ഇങ്ങനെ 39 വിഭാഗങ്ങളാണ് മാറ്റാൻ നിർദേശിച്ചിരിക്കുന്നത്.
ചെക്ക് കേസ് ക്രിമിനൽ പട്ടികയിൽ നിന്നൊഴിവാക്കാൻ ആലോചന
By Malayalida
0
450
Previous article
RELATED ARTICLES