Saturday, July 20, 2024
Google search engine
HomeIndiaചാംപ്യൻസ് ലീഗ്: ക്വാർട്ടറിൽ മെസ്സിയും ലെവൻഡോവ്സ്കിയും നേർക്കുനേർ

ചാംപ്യൻസ് ലീഗ്: ക്വാർട്ടറിൽ മെസ്സിയും ലെവൻഡോവ്സ്കിയും നേർക്കുനേർ

ബാർസിലോന ∙ ക്വാർട്ടർ ഫൈനൽ കിനാവു കണ്ട നാപ്പോളി കാൽമണിക്കൂറായപ്പോഴേക്കും കണ്ണു തുറന്നു; എത്ര മനോഹരമായ നടക്കാത്ത സ്വപ്നമാണു തങ്ങളുടേത്! ആദ്യപാദത്തിൽ തങ്ങളെ 1–1 സമനിലയിൽ കുരുക്കിയ ഇറ്റാലിയൻ‌ ക്ലബ്ബിനെ 2–ാം പാദത്തിൽ 3–1നു തോൽപിച്ചു ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. ഇരുപാദങ്ങളിലുമായി 4–2 ജയം.

സുന്ദരമായൊരു ഗോളുമായി മിന്നിക്കളിച്ച ക്യാപ്റ്റൻ ലയണൽ മെസ്സിയാണു വിജയശിൽപി. ക്ലെമന്റ് ലെങ്‌ലെ, ലൂയി സ്വാരെസ് എന്നിവരും ഗോൾ നേടി. ക്യാപ്റ്റൻ ലൊറൻസോ ഇൻസിനെയാണു നാപ്പോളിയുടെ ആശ്വാസ ഗോൾ നേടിയത്. ഇംഗ്ലിഷ് ക്ലബ് ചെൽസിയെ ഇരുപാദങ്ങളിലുമായി 7–1നു തകർത്തുവിട്ട ബയൺ മ്യൂണിക്കുമായാണു ബാർസയുടെ ക്വാർട്ടർ പോരാട്ടം. സ്വന്തം മൈതാനമായ അലയൻസ് അരീനയിലെ 2–ാം പാദത്തിൽ 4–1നാണു ബയണിന്റെ ജയം. ചെൽസിയുടെ മൈതാനത്തു നടന്ന ആദ്യപാദവും ബയൺ 3–0നു ജയിച്ചിരുന്നു.

മെസ്സി ഗോൾ

തന്നെ ഉറ്റുനോക്കിയിരുന്ന ആരാധകർക്ക് എന്നെന്നും ഓർത്തുവയ്ക്കാവുന്ന ഒരു ഗോളാണു മെസ്സി സമ്മാനിച്ചത്. 23–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തു പന്തു കിട്ടുമ്പോൾ മെസ്സിക്കു ചുറ്റും അര ഡസൻ നാപ്പോളിക്കാരുണ്ടായിരുന്നു. വഴിയടച്ചുനിന്ന അവർക്കിടയിലൂടെ പന്തുകടത്തിയ മെസ്സി വീണു പോയി. എന്നിട്ടും പന്തെടുത്ത്, മുന്നിൽനിന്ന 2 പേർക്കിടയിലൂടെ കിട്ടിയ ഇത്തിരിവട്ടത്തിലൂടെ ഒരു ഷോട്ട്. പന്ത് പോസ്റ്റിനെ ചാരി വലയിൽ. യുവതാരം ക്ലെമന്റ് ലെങ്‌ലെയുടെ ഗോളിൽ 10–ാം മിനിറ്റിൽ ബാർസ മുന്നിലെത്തിയിരുന്നു.

33–ാം മിനിറ്റിൽ ഫ്രാങ്കി ഡി യോങിന്റെ പാസ് സ്വീകരിച്ച് മെസ്സി വീണ്ടും ലക്ഷ്യം കണ്ടെങ്കിലും വിഎആർ പരിശോധനയ്ക്കു ശേഷം റഫറി ഗോൾ നിഷേധിച്ചു. പന്ത് നെഞ്ചിൽ സ്വീകരിച്ചതിനുശേഷം മെസ്സിയുടെ കയ്യിൽ തട്ടിയതാണു കാരണം. ഇടവേളയ്ക്കു തൊട്ടുമുൻപുതന്നെ വിഎആർ ബാർസയ്ക്ക് അനുകൂല വിധിയും നൽകി. നാപ്പോളി താരം കാലിദൗ കൂളിബാലി മെസ്സിയുടെ കാലിൽ തൊഴിച്ചതിനായിരുന്നു പെനൽറ്റി. ലൂയി സ്വാരെസാണു കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. തൊട്ടുപിന്നാലെ ഡ്രൈസ് മെർട്ടെൻസിനെ ഇവാൻ റാകിട്ടിച്ച് വീഴ്ത്തിയതിനു നാപ്പോളിക്കും പെനൽറ്റി കിക്ക്. ഇൻസിനെയ്ക്കു പിഴച്ചില്ല; നാപ്പോളിക്ക് ആശ്വാസം.

ലെവൻ ഡബിൾ

ചെൽസി പേടിച്ചതു സംഭവിച്ചു; അലയൻസ് അരീനയിൽ ബയൺ അവരെ ഗോളുകൾ കൊണ്ടു വിരുന്നൂട്ടി! ഇരുപാദങ്ങളിലുമായി ജർമൻ ക്ലബ്ബിൽനിന്നു ഫ്രാങ്ക് ലാംപാർഡിന്റെ നീലപ്പട വാങ്ങിക്കൂട്ടിയത് 7 ഗോളുകൾ. 2–ാം പാദത്തിൽ ഒന്നു തിരിച്ചടിക്കാനായി എന്ന ആശ്വാസം മാത്രം. പതിവുപോലെ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയാണു 2–ാം പാദത്തിൽ ബയണിന്റെ 4–1നു ജയത്തിനു ചുക്കാൻ പിടിച്ചത്. 2 ഗോളുകൾ നേടിയ ലെവൻഡോവ്സ്കി 2 എണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു.

ഇവാൻ പെരിസിച്ച്, കോറെന്റിൻ ടോളിസോ എന്നിവരാണു മറ്റു സ്കോറർമാർ. ടാമി ഏബ്രഹാം ചെൽസിയുടെ ഏക ഗോൾ നേടി. ചാംപ്യൻസ് ലീഗ് സീസണിൽ ലെവൻഡ്വോസ്കിക്ക് ഇതോടെ 13 ഗോളുകളായി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനു (17) മൂന്നെണ്ണം മാത്രം പിന്നിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com