Friday, December 6, 2024
Google search engine
HomeIndiaകാലാപാനിയെ ചൊല്ലി ഇന്ത്യയും നേപ്പാളും പോരടിക്കുന്നത് എന്തിന്; പിന്നില്‍ ചൈനയോ?

കാലാപാനിയെ ചൊല്ലി ഇന്ത്യയും നേപ്പാളും പോരടിക്കുന്നത് എന്തിന്; പിന്നില്‍ ചൈനയോ?

മേയ് എട്ടിന് ഹിമാലയ മേഖലയില്‍ ചൈനാ അതിര്‍ത്തിയും ലിപുലേഖ് പാസും ബന്ധിപ്പിച്ച് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നത്. തങ്ങളുടെ മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്ന് നേപ്പാള്‍ പ്രതിഷേധിച്ചു. ഒരു മാസത്തിനിപ്പുറം ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ വഷളായിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ബിഹാര്‍ അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്ത് എത്തിയ ഇന്ത്യക്കാര്‍ക്കു നേരെ നേപ്പാള്‍ സുരക്ഷാ ഗാര്‍ഡുകള്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിക്കുകയും രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏതാണ്ട് 60 വര്‍ഷത്തോളമായി ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭാഗത്താണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഡല്‍ഹിയെയും ടിബറ്റന്‍ പീഠഭൂമിയെയും അതിവേഗത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ് ഈ തന്ത്രപ്രധാനമായ പാത. ലിപുലേഖ് പാസിലൂടെ ടിബറ്റുമായുള്ള ഇന്ത്യയുടെ വാണിജ്യ ഇടപാടുകള്‍ ചൈനയും അംഗീകരിച്ചിട്ടുണ്ട്. റോഡിനെ സംബന്ധിച്ചുള്ള മേയ് എട്ടിലെ പ്രഖ്യാപനവും ഇപ്പോഴത്തെ പ്രശ്‌നങ്ങളും രാഷ്ട്രീയ പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ സഹായിക്കാനുള്ള ഇന്ത്യയുടെ തന്ത്രമാണെന്നും നേപ്പാളില്‍ വിമര്‍ശനമുണ്ട്. വിവാദങ്ങളില്‍ പെട്ടിരുന്ന ശര്‍മയ്ക്ക് വീണു കിട്ടിയ അവസരമായിരുന്നു ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അദ്ദേഹത്തിനൊപ്പം അണിനിരക്കേണ്ടിവന്നു.

അതിര്‍ത്തിയില്‍ ഒറ്റ രാത്രി കൊണ്ടല്ല റോഡ് നിര്‍മിച്ചത്. നേപ്പാള്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ഇത് അറിയുകയും നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ടാവണം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ ഭരണഘടനയുടെ 370-ാം വകുപ്പ്് റദ്ദാക്കിയതിനു ശേഷം പുറത്തിറക്കിയ പുതിയ മാപ്പില്‍ നേപ്പാള്‍ അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണ് നേപ്പാള്‍ സര്‍ക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ ഇന്ത്യാ വിരുദ്ധ പ്രചാരണം രൂക്ഷമായി. മേയ് എട്ടിലെ റോഡ് പ്രഖ്യാപനം കൂടി വന്നതോടെ നേപ്പാള്‍ പ്രധാനമന്ത്രി വീണു കിട്ടിയ അവസരം രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തു. തനിക്കെതിരെ അതുവരെ സജീവമായി നിന്നിരുന്ന എല്ലാ ആരോപണങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനും ശര്‍മയ്ക്കു കഴിഞ്ഞു. നേപ്പാളിനെ അനുനയിപ്പിക്കാനാകുമെന്ന ഇന്ത്യയുടെ അമിത ആത്മവിശ്വാസമാണ് പ്രതിസന്ധിക്കു കാരണമായതെന്ന് ഒരു വിഭാഗം നയതന്ത്രപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. കാഠ്മണ്ഡുവില്‍ ഇപ്പോള്‍ പുകയുന്ന ഇന്ത്യാ വിരുദ്ധ വികാരം ഭരണാധികാരികളെ ആശ്ചര്യപ്പെടുത്തിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നേപ്പാളിന്റെ ഇപ്പോഴത്തെ പ്രകോപനത്തിനു പിന്നില്‍ ചൈനയുണ്ടെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. അയല്‍ രാജ്യങ്ങളെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ നിഴല്‍യുദ്ധം നടത്താന്‍ വീണുകിട്ടുന്ന അവസരങ്ങളൊന്നും ചൈന പാഴാക്കില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. നിലവില്‍ നേപ്പാളില്‍ ചൈനീസ് സ്വാധീനം വര്‍ധിക്കുന്നതും ഇന്ത്യന്‍ ഭരണകര്‍ത്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിനെ അധികാരത്തില്‍ നിലനിര്‍ത്താനായി ചൈന പലതലത്തിലുള്ള ഇടപെടലുകളും നടത്തിയിരുന്നു.

എന്താണ് ഈ മേഖലയുടെ പ്രധാന്യം. എന്തുകൊണ്ടാണ് ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നത്?

ഉത്തരാഖണ്ഡിന്റെ ഏറ്റവും കിഴക്കുഭാഗത്തു സ്ഥിതിചെയ്യുന്ന പിത്തോറഗഡ് ജില്ലയിലാണു കാലാപാനി. 2019-ല്‍ ഇന്ത്യ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച മാപ് പുറത്തിറക്കിയതു മുതലാണ് കാലാപാനി സംബന്ധിച്ച് വിവാദം വീണ്ടും പുകഞ്ഞു തുടങ്ങിയത്. ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന കാലാപാനി, പുതിയ മാപ്പില്‍ ഇന്ത്യ പിത്തോറഗഡ് ജില്ലയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ദര്‍ചുല ജില്ലയുടെ ഭാഗമായാണ് നേപ്പാള്‍ കാലാപാനിയെ പരിഗണിക്കുന്നത്.

ഇതിനു പിന്നാലെ മേയ് എട്ടിനു കാലാപാനി മേഖലയിലൂടെ കടന്നുപോകുന്ന ദര്‍ചുല-ലിപുലേഖ് പാസ് ലിങ്ക് റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്യുക കൂടി ചെയ്തതോടെ നേപ്പാള്‍ കൂടുതല്‍ അസ്വസ്ഥരായി. ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വത്‌റയെ നേരിട്ടു വിളിപ്പിച്ചാണ് നേപ്പാള്‍ പ്രതിഷേധം അറിയിച്ചത്.

കാലാപാനിയുടെ പ്രധാന്യം

ഉത്തരാഖണ്ഡിന്റെ ഏറ്റവും കിഴക്കന്‍ മേഖലയിലാണു കാലാപാനി. വടക്ക് ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റന്‍ സ്വയംഭരണമേഖലയും കിഴക്കും തെക്കും നേപ്പാളുമായാണ് അതിര്‍ത്തി പങ്കിടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 3600 മീറ്റര്‍ ഉയരെ കാളീ നദിക്കരയില്‍ ലിംപിയാദുര, ലിപുലേഖ്, കാലാപാനി എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ അതിനിര്‍ണായകമായ തരത്തിലാണ് ഈ ഭൂപ്രദേശം. ഇവിടം ഇന്ത്യയുടെ നിയന്ത്രണത്തിലാണെങ്കിലും നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. 37,000 ഹെക്ടര്‍ വരുന്ന ഈ മേഖലയെ ചൊല്ലിയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഏറ്റവും വലിയ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നത്.

തര്‍ക്ക കാരണം

കാളീനദിയില്‍നിന്നാണു കാലാപാനി എന്ന പേരുണ്ടായത് എന്നാണു നേപ്പാളിന്റെ വാദം. 1814 മുതല്‍ 1816 വരെ നീണ്ട ഗൂര്‍ഖാ യുദ്ധത്തിനു ശേഷം കാഠ്മണ്ഡുവിലെ ഗൂര്‍ഖാ ഭരണകര്‍ത്താകളും ഈസ്റ്റിന്ത്യ കമ്പനിയും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം തങ്ങളുടെ അതിര്‍ത്തി കാളീനദിയാണെന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. 1816-ല്‍ അംഗീകരിക്കപ്പെട്ട കരാര്‍ പ്രകാരം നേപ്പാളിന് പടിഞ്ഞാറ് കുമയോണ്‍-ഗര്‍വാള്‍ മേഖലയും കിഴക്ക് സിക്കിമും നഷ്ടപ്പെട്ടു. കാളീനദിക്കു കിഴക്കു ഭാഗത്തുള്ള പ്രദേശത്ത് നേപ്പാള്‍ രാജാവിനുള്ള അവകാശം ബ്രിട്ടിഷുകാര്‍ അംഗീകരിക്കുകയും ചെയ്തു. ഇവിടെയാണു തര്‍ക്കത്തിന്റെ തുടക്കം.  കാളീ നദിയുടെ കിഴക്ക് എന്നതു നദി ഉദ്ഭവിക്കുന്ന മേഖല മുതല്‍ തുടങ്ങുമെന്നാണ് നേപ്പാളിന്റെ അവകാശവാദം. ലിംപിയാദുരയ്ക്കു സമീപത്തുള്ള പര്‍വതം വരെയെത്തും ഇത്. ലിംപിയാദുര മുതല്‍ താഴേയ്ക്കുള്ള ഭാഗം മുഴുവന്‍ തങ്ങളുടേതാണെന്നാണ് നേപ്പാള്‍ പറയുന്നത്. എന്നാല്‍ നദി ആരംഭിക്കുന്ന കാലാപാനി മുതല്‍ മാത്രമാണ് നേപ്പാളിന്റെ ഭാഗമെന്നാണ് ഇന്ത്യയുടെ നിലപാട്. കാളീനദിയുടെ ഉദ്ഭവത്തെക്കുറിച്ചും കൈവഴികളെക്കുറിച്ചുമുള്ള വിവിധ തരം നിരീക്ഷണങ്ങളാണ് തര്‍ക്കം തുടരാനുള്ള കാരണം. കാലാപാനി മുതലാണ് നദിക്കു കാളീനദി എന്ന പേരു വരുന്നതെന്നാണ് ഇന്ത്യയുടെ വാദം

കൈലാസ് മാനസരോവറും ലിപുലേഖ് പാസും

നൂറ്റാണ്ടുകളായി ഹിന്ദു, ബുദ്ധ തീര്‍ഥാടകര്‍ കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നത് ലിപുലേഖ് പാസ് ആണ്. ഗംഗാതടത്തെ ടിബറ്റന്‍ പീഠഭൂമിയുമായി ബന്ധിപ്പിക്കുന്ന നിരവധി പാതകളുണ്ടെങ്കിലും ചൈനയുമായി ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ അതീവനിര്‍ണായകമാകുക ലിപുലേഖ് പാസ്തന്നെയാകും. 1962-ലെ യുദ്ധത്തിലാണ് ഇതിന്റെ പ്രധാന്യം മനസിലായത്. ചൈനീസ് സൈന്യം തവാങ്ങിലെ സെ ല പാസ് വഴി കിഴക്ക് ബ്രഹ്മപുത്ര തടത്തിലെത്തി. ഇത്തരം പാസുകളിലെ സുരക്ഷാവീഴ്ചയാണ് കിഴക്കന്‍ മേഖലയിലുണ്ടായ പരാജയത്തിനു കാരണമെന്നു സൈന്യം തിരിച്ചറിഞ്ഞു.

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ സെ ല പാസിനേക്കാള്‍ നിര്‍ണായകമാണ് ലിപുലേഖ് പാസ്. ഇവിടം സുരക്ഷിതമാക്കാന്‍ ഇന്ത്യ ബലം പ്രയോഗിച്ച് കാലാപാനി മേഖല പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്ന് നേപ്പാളിലെ മഹേന്ദ്ര രാജാവ് ആശങ്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷാ ആവശ്യങ്ങള്‍ക്കായി മേഖല ഇന്ത്യക്കു വിട്ടു നല്‍കിക്കൊണ്ട് ഇന്ത്യയുമായി അദ്ദേഹം കരാറുണ്ടാക്കി. 1950-ല്‍ ഇന്ത്യ നേപ്പാളിനെ സ്വാധീനിച്ച് നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 18 മിലിട്ടറി ഔട്ട്പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ 1969-ല്‍ എല്ലാ പോസ്റ്റുകളും നീക്കാന്‍ നേപ്പാള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെട്ടു. ആ പട്ടികയില്‍ കാലാപാനി ഉണ്ടായിരുന്നില്ല. കാലാപാനി ഒഴികെ എല്ലായിടത്തേയും പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു. 19-ാം നൂറ്റാണ്ട് മുതലുള്ള ബ്രിട്ടീഷ് ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖല ഇന്ത്യയുടേതാണെന്നാണ് നയതന്ത്രപ്രതിനിധികളുടെ അഭിപ്രായം.

അൻപതുകളുടെ മധ്യത്തില്‍ ചൈനീസ് സൈന്യം ടിബറ്റന്‍ മേഖല പിടിച്ചടക്കിയപ്പോള്‍ ലിപുലേഖ് പാസില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചിരുന്നു. നേപ്പാളിനെ ഒഴിവാക്കി ഇന്ത്യയും ചൈനയും 2015-ല്‍ മാനസരോവര്‍ പാത സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയപ്പോള്‍ നേപ്പാളുമായി കൂടിയാലോചിക്കാന്‍ തയാറായിരുന്നില്ല. അന്നത്തെ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി പ്രതിഷേധം അറിയിച്ചു. അന്നു തന്നെ തര്‍ക്കം പരിഹരിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇന്ത്യ അതിനു മുന്‍കൈ എടുത്തില്ല. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതിനു പിന്നാലെ നേപ്പാളുമായുള്ള തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com