ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ പരിക്കേറ്റ ജവാൻമാരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രി വാർഡിലെത്തിയ പ്രധാനമന്ത്രി ജവാൻമാരെ അഭിസംബോധന ചെയ്തു. ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെട്ടെന്ന് മോദി പറഞ്ഞു
ഇന്ത്യയിലെ ധീരരായ സൈനികരെ ലോകം കാണാൻ ആഗ്രഹിക്കുന്നു. അവരുടെ പരിശീലനം എന്താണ്, അവരുടെ ത്യാഗം എന്നിവയെ കുറിച്ചെല്ലാം ലോകം അറിയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ധീരത രാജ്യത്തെ യുവാക്കൾക്കും പ്രചോദനമാണ്. തലമുറകളോളം നിങ്ങളുടെ ധീരത ഓർമിക്കുമെന്നും മോദി പറഞ്ഞു. ലോകത്തെ ഒരു ശക്തിക്ക് മുന്നിലും ഇന്ത്യ കീഴടങ്ങില്ലെന്നും മോദി കൂട്ടിച്ചേർത്തു
ഇന്ത്യ-ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പില്ലാതെ ലേ സന്ദർശിച്ചത്. സംയുക്ത സൈനിക മേധാവി ബിബിൻ റാവത്ത്, കരസേന മേധാവി എം.എം. നരവനെ എന്നിവർക്കൊപ്പമാണ് അദ്ദേഹം ലേയിലെ നിമുവിലെ സൈനിക വിമാനത്താവളത്തിലെത്തിയത്