ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ ഒരുമാസത്തോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം. സചിൻ പൈലറ്റ് കോൺഗ്രസിൽ മടങ്ങിയെത്തിയെന്ന് എ.ഐ.സി.സി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുമായി സചിൻ പൈലറ്റ് നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രതിസന്ധി ഉരുകിയത്.
സചിൻ പൈലറ്റ് ഉയർത്തിയ പരാതികൾ പരിഹരിക്കാനായി മൂന്നംഗകമ്മിറ്റിയെ നിയമിക്കുമെന്ന് സോണിയ ഗാന്ധി അറിയിച്ചു. ബി.ജെ.പിയിലേക്കില്ലെന്ന് സചിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഒത്തുതീർപ്പിനായി സചിനുമുമ്പിൽ കോൺഗ്രസ് വെച്ച ഫോർമുലകൾ വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് പുതിയ നീക്കം. ഒരുമാസം മുമ്പാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമതനീക്കം സചിൻ ആരംഭിച്ചത്. ഇതിനെത്തുടർന്ന് ഉപമുഖ്യമന്ത്രി, രാജസ്ഥാൻ പി.സി.സി പ്രസിഡൻറ് സ്ഥാനങ്ങളിൽ നിന്നും സചിനെ നീക്കിയിരുന്നു.