കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച 31 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 169 പേർ സമാനലക്ഷണവുമായി ചികിത്സയിലുമാണ്. നാലുപേർക്ക് എലിപ്പനിയും രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ഏറ്റവും കൂടുതൽ.
10 പേരിലാണ് രോഗം കണ്ടെത്തിയത്. കോട്ടയത്ത് ആറും കണ്ണൂരിൽ അഞ്ചും ആലപ്പുഴയിൽ നാലും കൊല്ലത്ത് മൂന്നും തൃശൂരിൽ രണ്ടും കാസർകോട്ട് ഒന്നും റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനി സമാനലക്ഷണവുമായി 42 പേർ എറണാകുളത്തും 40 പേർ കാസർകോട്ടും ചികിത്സയിലാണ്.
എലിപ്പനി പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയിലാണ് കണ്ടെത്തിയത്. മലപ്പുറം, വയനാട് ജില്ലകളിൽ രണ്ടുപേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. പനിബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിലെത്തിയ 3796 പേരിൽ 56 പേരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 319 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു. 2348 പേർ ഡെങ്കിപ്പനി ലക്ഷണവുമായി ചികിത്സതേടി. അഞ്ചുമരണവും സംഭവിച്ചു. 46 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിൽ രണ്ടു മരണം ഉണ്ടായി. സമാനലക്ഷണവുമായി 88 പേർ ചികിത്സ തേടിയതിൽ അഞ്ചുമരണവും സംഭവിച്ചു.