കണ്ണൂർ: ബസിലെ അവസാന യാത്രക്കാരനും കയറിയ ശേഷം, വാതിലിന് മുകളിലൂടെ തലയൽപം പുറത്തേക്കിട്ട് മൈലാഞ്ചി കൈകൾക്കൊണ്ട് നീട്ടിയൊരു ഡബ്ൾ ബെൽ… കഴിഞ്ഞ 10 വർഷമായി കണ്ണൂർ ആദികടലായി-കുന്നുംകൈ റൂട്ടിലെ ശ്രീസുന്ദരേശ്വര ബസിെൻറ ഓട്ടം തുടങ്ങുന്നത് ഇങ്ങനെയാണ്. കറുത്ത പർദയണിഞ്ഞ് ബസിെൻറ പിൻവാതിലിൽ സുരക്ഷയുടെ മണിമുഴക്കാൻ ഉടമയും ക്ലീനറുമായ റെജിമോളുണ്ട്. പേരിൽ മോളുണ്ടെങ്കിലും കണ്ണൂരുകാർക്ക് ഇവർ ക്ലീനർ താത്തയാണ്.
25 വർഷംമുമ്പ് തളാപ്പിലെ ശ്രീസുന്ദരേശ്വര ക്ഷേത്രത്തിന് സമീപത്തെ ദാമുവിെൻറ കൈയിൽനിന്നാണ് ശ്രീസുന്ദരേശ്വര ബസ് വാങ്ങുന്നത്. പേരൊന്നും മാറ്റാതെ തന്നെയായിരുന്നു ഓട്ടം. ക്ലീനർ താത്തയുടെ ഭാഷയിൽ പറഞ്ഞാൽ ‘പാട്ടുപാടുന്ന യേശുദാസിെൻറ പേര് മാറ്റിയാലും ആളുകൾ യേശുദാസിെൻറ പാട്ടെന്നല്ലേ പറയൂ, അതുപോലെ ബസിെൻറ പേരുമാറ്റിയാലും യാത്രക്കാർക്കിത് സുന്ദരേശ്വര ബസാണ്.
എല്ലാ ദൈവങ്ങളും ഒന്നുതന്നെയെന്ന് താത്ത പറഞ്ഞുനിർത്തുേമ്പാൾ മതേതരത്വത്തിെൻറ ഡെബ്ൾ ബെൽ മുഴങ്ങുന്നു. ശ്രീസുന്ദരേശ്വര ബസിനുശേഷം മൂന്ന് ബസുകൾ കൂടി സ്വന്തമാക്കിയെങ്കിലും നഷ്ടം കാരണം മൂന്നും വിൽക്കേണ്ടിവന്നു. കോവിഡിനുമുമ്പ് ദിവസം അഞ്ചുമുതൽ ഏഴായിരം വരെ കലക്ഷൻ ലഭിച്ചിരുന്നു. ഇൻഷുറൻസും ടാക്സും കൂലിയും കഴിഞ്ഞാൽ കാര്യമായൊന്നും ബാക്കി കാണില്ല. കോവിഡ് കാലത്ത് നഷ്ടത്തിലാണ് ഓട്ടം.
10 വർഷം മുമ്പ് പൊടിക്കുണ്ട് റൂട്ടിൽ പേരിനുപോലും റോഡില്ലാതെ തകർന്ന കാലത്ത് ബസ് ജീവനക്കാർ പണിയെടുക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് റെജിമോൾ ക്ലീനറുടെ വേഷമണിഞ്ഞത്. ഭർത്താവും കുടുംബവും കൂടെനിന്നു. ബസിൽ കയറുന്ന എല്ലാവരും ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളത്. കാരുണ്യപ്രവർത്തന രംഗത്തും സജീവമാണ്. കഴിഞ്ഞ വർഷം പ്രളയബാധിതരെ സഹായിക്കാനായി ബസിെൻറ കളക്ഷൻ നൽകിയിരുന്നു.