ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരായ ആക്രമണം കടുപ്പിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ വ്യവസായങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. വ്യവസായങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്ത സഹിതമായിരുന്നു രാഹുലിെൻറ ട്വീറ്റ്. ഗാൽവാനിലെ സൈനികരുടെ വീരമൃത്യു, ഇന്ധനവില വർധന, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിവിധ വിഷയങ്ങളുന്നയിച്ച് ദിനേനയെന്നോണം കേന്ദ്ര സർക്കാറിനെതിരെ ആക്രമണവുമായി രാഹുൽ രംഗത്തുണ്ട്.
‘ചെറുകിട – ഇടത്തരം സംരംഭങ്ങൾ തകർച്ചയിലാണ്. വൻകിട കമ്പനികളും ബാങ്കുകളും അതിസമ്മർദത്തിലാണ്. സാമ്പത്തിക ‘സുനാമി’ വരുന്നുണ്ടെന്ന് മാസങ്ങൾക്ക് മുമ്പ് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ബി.ജെ.പിയും മാധ്യമങ്ങളും അത് പരിഹസിച്ച് തള്ളുകയായിരുന്നു.’ – രാഹുൽ ട്വീറ്റ് ചെയ്തു.