ജയ്പൂർ: സചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ നിയമസഭയിലെ വിമത കോൺഗ്രസ് എം.എൽ.എമാർ താമസിക്കുന്ന റിസോർട്ടിലെത്തി രാജസ്ഥാൻ പൊലീസ്. ഡൽഹിക്ക് സമീപം മനേസറിലെ റിസോർട്ടിലാണ് രാജസ്ഥാൻ പൊലീസ് എത്തിയത്. പുറത്താക്കപ്പെട്ട കോൺഗ്രസ് എം.എൽ.എ ബൻവർലാൽ ശർമയെ തേടിയാണ് പൊലീസ് എത്തിയത്. എന്നാൽ, ഇദ്ദേഹത്തെ കണ്ടെത്താനാകാതെ ഇവർ മടങ്ങി.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മനേസറിലെ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാരിൽ ചിലരുടെ ശബ്ദ സാംപിൾ ശേഖരിക്കാനായാണ് രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ് അംഗങ്ങൾ എത്തിയത്. രാജസ്ഥാൻ പൊലീസിനെ റിസോർട്ടിന് അകത്ത് കടത്താതെ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. ഏറെ നേരം തടഞ്ഞുനിർത്തിയ ശേഷമാണ് പൊലീസിന് അകത്തുകടക്കാൻ കഴിഞ്ഞത്.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ശബ്ദരേഖകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബൻവർലാൽ ശർമയെ തേടി പൊലീസ് എത്തിയത്.
എന്നാൽ, അകത്തുകടന്ന പൊലീസിന് ബൻവർലാൽ ശർമയെ കണ്ടെത്താനായില്ല. റിസോർട്ടിലെ രേഖകൾ പരിശോധിച്ച ശേഷം പൊലീസ് മടങ്ങുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ബൻവർലാൽ ശർമയെ കോൺഗ്രസ് പുറത്താക്കിയത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ബൻവർലാൽ ശർമക്കെതിരെയും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.