-എണ്ണാത്തതിനാൽ നഷ്ടപരിഹാര പ്രശ്നവുമില്ലെന്നും കേന്ദ്രം
ന്യൂഡൽഹി: ലോക്ഡൗൺ കുരുക്കിൽപെട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടതിെൻറ ഒരു കണക്കും സർക്കാറിെൻറ പക്കലില്ലെന്ന് കേന്ദ്രം പാർലമെൻറിൽ. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം നൽകുന്ന വിഷയവും ഉദിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാറിെൻറ ഈ മറുപടിക്കെതിരെ വ്യാപക പ്രതിഷേധം. സർക്കാർ എണ്ണിയില്ലെങ്കിൽ, മരണം നടന്നില്ല എന്നാണോ അതിനർഥമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി േചാദിച്ചു.
പാർലമെൻറ് സമ്മേളനത്തിെൻറ ആദ്യ ദിനത്തിൽ തൊഴിൽ മന്ത്രാലയമാണ് ഇത്തരമൊരു വിചിത്ര വിശദീകരണം ചോദ്യത്തിന് എഴുതി നൽകിയ മറുപടിയായി നൽകിയത്. പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം നടന്നും വിശന്നു വലഞ്ഞും നിരവധി അന്തർ സംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടിരുന്നു. തൊഴിൽ നഷ്ടപ്പെട്ടവരുടെ പലായനമാണ് ലോക്ഡൗൺ കാലത്ത് നടന്നത്. ഇതിനു നേരെയാണ് സർക്കാർ കണ്ണടച്ചത്.
സ്വന്തം സംസ്ഥാനങ്ങളിലേക്ക് അന്തർസംസ്ഥാന തൊഴിലാളികൾ മടങ്ങിയതിെൻറ കണക്കുണ്ടോ എന്ന ചോദ്യത്തിനു മുന്നിലും കൈമലർത്തിക്കാണിക്കുകയാണ് കേന്ദ്രം ചെയ്തത്. അത്തരമൊരു കണക്ക് സൂക്ഷിച്ചിട്ടില്ല. നഷ്ടപരിഹാരത്തിെൻറ പ്രശ്നം ഉദിക്കുന്നുമില്ല. എന്നാൽ, ഒരു കോടിയിലേറെ പേർ മാതൃസംസ്ഥാനത്തേക്ക് മടങ്ങിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം സമ്മതിച്ചു. എത്ര അന്തർസംസ്ഥാന തൊഴിലാളികൾ മരിച്ചു, എത്ര പേർക്ക് ലോക്ഡൗൺ കാലത്ത് ജോലി പോയി എന്നൊന്നും സർക്കാറിന് അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, ഇതൊന്നും സർക്കാറിനെ ബാധിക്കുന്ന വിഷയമല്ലാതെ വരുന്നത് സങ്കടകരമാണെന്ന് കൂട്ടിച്ചേർത്തു. ലോക്ഡൗൺകാല മരണങ്ങൾ ലോകം കണ്ടതാണ്. പക്ഷേ, മോദി സർക്കാറിെൻറ പക്കൽ വിശദാംശങ്ങളില്ല.
ലോക്ഡൗൺ മൂലം കിലോമീറ്ററുകൾ താണ്ടിയ അന്തർസംസ്ഥാന െതാഴിലാളികളിൽ നിരവധി പേർ മരണപ്പെട്ടത് സർക്കാർ കാര്യമാക്കാത്തത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് ധനമന്ത്രി തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. ശ്രമിക് െട്രയിനിൽ പോയവരെത്ര, റോഡ് അപകടങ്ങളിൽ മരിച്ചവരെത്ര തുടങ്ങിയ അപൂർണമായ കണക്കെങ്കിലും കേന്ദ്രത്തിെൻറ രേഖകളിൽ ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.