തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്റ്റർ ലിനി കേരളത്തിൻെറ സ്വത്താണ്. ലിനിയുടെ ഭർത്താവിനും മക്കൾക്കും എല്ലാ സുരക്ഷിതത്വവും കേരളം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ കെ.പി.സി.സി പ്രസിഡൻറിൻെറ പ്രതികരണത്തിലും തുടർന്നുണ്ടായ സംഭവങ്ങളിലുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരോഗ്യമന്ത്രിയെ മ്ലേച്ഛമായി മുല്ലപ്പള്ളി അധിക്ഷേപിച്ചു. മന്ത്രിയെ വേട്ടയാടാൻ ശ്രമിക്കരുത്. പൊതുസമൂഹം അത് അംഗീകരിക്കില്ല. ശൈലജ ടീച്ചർക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. സ്ത്രീകളെ കോൺഗ്രസ് ഇങ്ങനെയാണോ കാണുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുല്ലപ്പള്ളി സ്വന്തം ദുർഗന്ധത്തിൻെറ ഉന്മാദാവസ്ഥയുടെ തടവുകാരനായി. പൊതുപ്രവർത്തകർ എങ്ങനെയാകരുത് എന്നതിന് മാതൃകയാവാനാണ് മുല്ലപ്പളളിയുടെ ശ്രമം. നല്ലത് നടക്കുന്നതും പറയുന്നതും മുല്ലപ്പള്ളിയെ അസഹിഷ്ണുവാക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.