കോഴിക്കോട്: സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ച് 4575 രൂപയിലെത്തി. പവന് 280 രൂപ വർധിച്ച് 36,600 രൂപയായി. കഴിഞ്ഞദിവസം 4540 രൂപയായിരുന്നു ഗ്രാമിൻെറ വില. പുതിയ നിരക്ക് സർവകാല റെക്കോർഡാണ്. 925 ഹാൾമാർക്ക്ഡ് വെള്ളിക്ക് 73ഉം വെള്ളിക്ക് 55ഉം രൂപയാണ് വില.
മാർച്ചിൽ പവന് 32,200 രൂപയായിരുന്നു കൂടിയ വില. ഏപ്രിൽ അവസാനത്തോടെ 34000 കടന്നു. മെയ് രണ്ടാം വാരമാണ് ചരിത്രത്തിലാദ്യമായി 35,000 രൂപ കടന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും വില അടിക്കടി കൂടാനുള്ള കാരണമായി സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു.