ന്യൂഡൽഹി: ഹഥ്രസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ഭീഷണിയുമായി ജില്ല മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലശ്കർ. ഇതിെൻറ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. പകുതി മാധ്യമ പ്രവർത്തകർ ഇന്ന് ഇവിടം വിട്ടു. മറ്റുള്ളവരും വൈകാതെ സ്ഥലം വിടും. ഞങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാവു. മൊഴി തിരുത്തണോ വേണ്ടയോയെന്നത് നിങ്ങളുടെ തീരുമാനമാണെന്നായിരുന്നു അദ്ദേഹത്തിെൻറ ഭീഷണി.
പെൺകുട്ടിയുടെ ശവസംസ്കാരം നടത്തിയ ആളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ശവസംസ്കാരം നടത്തുേമ്പാൾ പ്രദേശത്തെ സ്ത്രീകളും പെൺകുട്ടിയുടെ സഹോദരനും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ ജില്ലാ മജിസ്ട്രേറ്റ് തയാറായില്ല.
ഹഥ്രസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത വിമർശനമാണ് ജില്ലാ ഭരണകൂടത്തിനെതിരെ ഉയർന്നത്. സമ്മതമില്ലാതെയാണ് അർധരാത്രി പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ദഹിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ശവസംസ്കാരം നടക്കുേമ്പാൾ കുടുംബാംഗങ്ങളെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.