ബെയ്ജിങ്: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയുടെ സാമ്പിളിൽ പരിശോധനയിൽ കോവിഡ് വൈറസ് കണ്ടെത്തിയെന്ന് ചൈന. ചൈനീസ് നഗരമായ ഷെൻഷെനിലേക്ക് ഇറക്കുമതി ചെയ്ത ഫോസൻ ചിക്കൻ വിങ്സിെൻറ സാമ്പിൾ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ഷെൻഷെനിലെ ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പദാർഥങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ശീതീകരിച്ച ഇറച്ചിയുടെ ഉപരിതലത്തിൽ നിന്നുള്ള സാമ്പിളാണ് കോവിഡ് പോസിറ്റീവായത്. ചില ചൈനീസ് നഗരങ്ങളിൽ ഇറക്കുമതി ചെയ്ത കടൽവിഭവങ്ങളുടെ പാക്കേജിെൻറ ഉപരിതലത്തിൽ വൈറസുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു.
ബ്രസീലിെൻറ തെക്കൻ സംസ്ഥാനമായ സാന്താ കാറ്ററീനയിലെ അറോറ അലിമെേൻറാസ് പ്ലാൻറിൽ നിന്നാണ് ചിക്കൻ വന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഉൽപന്നവുമായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ള ആളുകളിലും അനുബന്ധ ഉൽപന്നങ്ങൾ ഉപയോഗിച്ചവരിലും കോവിഡ് പരിശോധന നടത്തിയെന്നും എല്ലാം നെഗറ്റീവായിരുന്നുവെന്നും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണങ്ങളും കടൽ ഉൽപന്നങ്ങളും വാങ്ങുമ്പോൾ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ വടക്കൻ നഗരമായ യന്തായിയിൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡിെൻറ പാക്കേജിങ് സാമ്പിളുകളുടെ പരിശോധനയിൽ അവ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി സർക്കാർ ചൊവ്വാഴ്ച ഒൗദ്യോഗിക വെയ്‌ബോ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള വുഹുവിലെ റസ്റ്റോറൻറിൽ ഇക്വഡോറിൽ നിന്നും ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ പാക്കേജിന് പുറത്ത് വൈറസ് സാന്നിധ്യമുണ്ടായിരുന്നതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.