Friday, November 22, 2024
Google search engine
HomeIndiaബോട്സ്വാനയിൽ ചരിഞ്ഞ നിലയിൽ 350ലേറെ കാട്ടാനകൾ; മനുഷ്യജീവനു ഭീഷണിയാകുമോ?

ബോട്സ്വാനയിൽ ചരിഞ്ഞ നിലയിൽ 350ലേറെ കാട്ടാനകൾ; മനുഷ്യജീവനു ഭീഷണിയാകുമോ?

വടക്കൻ ബോട്‌സ്വാനയിൽ 350 ലേറെ ആനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. മേയ് ആദ്യമാണ് ഇത്തരത്തിൽ ആനകളുടെ കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടത്. മേയിൽ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയതെങ്കിൽ ജൂൺ മധ്യത്തോടെ ഈ സംഖ്യ ഏകദേശം ഇരട്ടിയായി.  വെള്ളക്കെട്ടുകൾക്കു സമീപമാണ് ഇതിൽ 70 ശതമാനത്തോളം ആനകളെയും ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വരൾച്ചാമേഖലയല്ലാത്ത ഒകവാംങ്കോ ഡെൽറ്റയിൽ ഇത്തരത്തിൽ നൂറുകണക്കിന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയതിന്റെ കാരണം വ്യക്തമല്ല. വരൾച്ചാകാരണങ്ങളില്ലാതെ ഇത്തരം ഒരു കൂട്ടമരണം അദ്ഭുതപ്പെടുത്തുന്നതാണെന്ന് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനൽ പാർക് റെസ്‌ക്യു എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ ഡോ.നീൽ മക്‌കാൻ അഭിപ്രായപ്പെട്ടു.

ബോട്‌സ്വാനയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ ആനകൾ ആനകളുടെ ശരീരാവശിഷ്ടങ്ങളുടെ സാംപിളെടുത്ത് പരിശോധനയ്ക്കു വിധേയമാക്കാൻ ബോട്‌സ്വാന സർക്കാർ  ഇനിയും തയാറായിട്ടില്ല. അണുബാധയേറ്റാണ് ആനകളുടെ മരണമെങ്കിൽ അതിലൂടെ മനുഷ്യജീവനു ഭീഷണിയുണ്ടായേക്കാമെന്ന ഭീതിയിലാണിത്. വിഷബാധയേറ്റോ ഏതെങ്കിലും അജ്ഞാതമായ അണുബാധയേറ്റോ ആകാം ഈ കൂട്ടമരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.  മരണത്തിനു മുൻപ് ചില ആനകൾ നിന്ന നിൽപ്പിൽ വട്ടംകറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതായി ചില പരിസരവാസികൾ പറയുന്നു. അതിനാൽ തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന എന്തെങ്കിലും രോഗമാകാം മരണകാരണമായി സംശയിക്കുന്നതും. ചരിഞ്ഞ ചില ആനകളാകട്ടെ മുഖമടിച്ചു വീണ നിലയിലാണ്. പൊടുന്നനെ വീണുള്ള മരണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്. ബോട്‌സ്വാനയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ ആനകൾ കൊമ്പനാന, പിടിയാന ഭേദമില്ലാതെ എല്ലാ പ്രായത്തിലുമുള്ള ആനകളും ചരിഞ്ഞതിലുണ്ട്.

ആനകളുടെ ശരീരം പലതും ചെളിയിലും മറ്റും പൂണ്ടുപോയിരിക്കാൻ ഇടയുള്ളതിനാൽ മരണസംഖ്യ ഇതിലും ഏറെയാകാൻ സാധ്യതയുണ്ടെന്നും പരിസ്ഥിതി സംരക്ഷകർ പറയുന്നു. സിംബാബ്‌വെയിലും മറ്റും വേട്ടക്കാർ ആനകളെ കൊല്ലാൻ ഉപയോഗിക്കുംവിധം സയനൈഡ് പ്രയോഗവും സംശയിച്ചെങ്കിലും ആനകളുടെ ശരീരം കൊത്തിവലിക്കുന്ന കഴുകൻമാർക്കു കുഴപ്പമൊന്നും കണ്ടിട്ടില്ലാത്തതിനാൽ ആ സംശയം വിദൂരത്താണ്.  ഒകവാംങ്കോ ഡെൽറ്റയിൽ ഏകദേശം 15,000 ആനകളുണ്ടെന്നാണ് കണക്കുകൾ.

ഇത് രാജ്യത്തെ ആനകളുടെ പത്തു ശതമാനത്തോളം വരും. വന്യമേഖലകളിലും മറ്റും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ബോട്‌സ്വാനയുടെ ജിഡിപിയിൽ 10 മുതൽ 12 ശതമാനം വരെ ഇതിൽ നിന്നുള്ള വരുമാനമാണ്. വജ്രവ്യാപാരം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വരുമാനമാർഗമാണിത്. ചരിഞ്ഞ ആനകളുടെ കൊമ്പുകൾ നീക്കം ചെയ്തിട്ടില്ല. വേട്ടക്കാർ കൈവശമാക്കാതിരിക്കാൻ ഇവയ്ക്ക് കാവൽ ഏർപ്പെടുത്തണമെന്ന് വനമൃഗസ്നേഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com