തിരുവനന്തപുരം: ബാബരി സംഭവം കേവലം പള്ളിപൊളിക്കലല്ല, ഗാന്ധിവധം പോലെ രാജ്യത്തെ അഗാധമായി മുറിവേല്‍പ്പിച്ച താരതമ്യമില്ലാത്ത കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിനും സി.ബി.ഐക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് പൊളിച്ച സംഭവം നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് നേരത്തെ സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ചതെന്ന് അദ്ദേഹം തുടർന്നു. മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിന് നേതൃത്വം നല്‍കിയവര്‍, അവരുടെ സഹായികള്‍, കര്‍സേവക്ക് ആഹ്വാനം ചെയ്തവര്‍, അതിനൊക്കെ ആളും അര്‍ത്ഥവും പ്രദാനം ചെയ്ത സംഘടനകള്‍, ആ ഘട്ടത്തില്‍ തങ്ങളെ തടയാന്‍ കോടതി ആരാണ് എന്ന് ചോദിച്ചവര്‍ എന്നിങ്ങനെ ആ നിയമലംഘനത്തിന് ഉത്തരവാദികളായവര്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. അത്തരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ മതനിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു.
ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും കൂടുതല്‍ പോറലേല്‍പ്പിച്ച ഈ കടുത്ത നിയമലംഘന നടപടിയുടെ ഉത്തരവാദിത്തം സംഘപരിവാര്‍ ശക്തികള്‍ക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് ഒത്താശ ചെയ്തതിന്റേയും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന്റേയും ഉത്തരവാദിത്തം കോണ്‍ഗ്രസിനും ചങ്ങാതിമാര്‍ക്കുമാണ്. പൂട്ടിക്കിടന്ന ബാബരി മസ്ജിദ് സംഘപരിവാരിനായി തുറന്നുകൊടുത്തത് കോണ്‍ഗ്രസായിരുന്നു. ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസായിരുന്നു.
കര്‍സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസ് തന്നെ. ഇതിെൻറയൊക്കെ സ്വാഭാവികപരിണിതി എന്ന നിലയില്‍ സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ കര്‍മരാഹിത്യത്തിലൂടെ മൗനമാചരിച്ചു. അത് അനുവദിച്ച് കൊടുത്തതും കോണ്‍ഗ്രസ് തന്നെ.
മതനിരപേക്ഷ സ്വഭാവത്തെ മുറുകെപിടിക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിെൻറ സവിശേഷത. ഉന്നതമായ മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യന്‍ ജനത വൈദേശികാധിപത്യത്തിനെതിരെ പോരാടിയതും അതിനെ തറപറ്റിച്ചതും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വര്‍ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ടത് അത്യാവശ്യമായിരിക്കുന്നു.
കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ നിയമപരമായ തുടര്‍നടപടികള്‍ക്ക് സി.ബി.ഐയ്ക്കും കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. അത് അവര്‍ നിറവേറ്റണം. ഒഴിഞ്ഞുമാറരുതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.