സാമൂഹിക ക്ഷേമ മേഖലകളിൽ കൂടുതൽ തുക വകയിരുത്താതിരുന്നതു കേന്ദ്ര ബജറ്റിലെ പ്രധാന ന്യൂനതയാണെന്നു ഡോ. സുദീപ്തോ മണ്ഡൽ അഭിപ്രായപ്പെട്ടു. ചെലവഴിക്കാൻ വിഭാവനം ചെയ്യുന്ന മൊത്തം തുകയിൽ മുൻവർഷത്തേക്കാൾ വെറും 6.6 ശതമാനം വർധന മാത്രമാണുള്ളത്. ചില മേഖലകൾക്ക് ആവശ്യമായ വിഹിതം നൽകിയപ്പോൾ മറ്റു ചിലതിന് അർഹിച്ചതു ലഭിച്ചില്ല. മൊത്തം ചെലവഴിക്കലിന്റെ വെറും അഞ്ചു ശതമാനമാണു സാമൂഹിക സേവന മേഖലകൾക്കു ലഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി, പട്ടികവർഗ ക്ഷേമ പദ്ധതികൾക്കു കൂടുതൽ പരിഗണന നൽകേണ്ടിയിരുന്നു. ഇവയെല്ലാം സംസ്ഥാന സർക്കാരുകളുടെ വിഷയമാണെന്നതു കൊണ്ടാകാം വിഹിതം കുറഞ്ഞത്. പക്ഷേ, കേന്ദ്ര സർക്കാർ ഈ മേഖലകൾക്കു കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്. ഈ േമഖലകളിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും സംയുക്ത വിഹിതം മറ്റു പല രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞുവരികയാണെന്നു കാണാം. ധനകാര്യ കമ്മി അൽപം വർധിച്ചാൽ പോലും ഈ മേഖലകൾക്കായി കൂടുതൽ വിഹിതം വകയിരുത്തേണ്ടിയിരുന്നു. അതേസമയം, അടിസ്ഥാന സൗകര്യ മേഖലയ്ക്കു കൂടുതൽ വിഹിതം അനുവദിച്ചതു സ്വാഗതാർഹമാണ്. മൊത്തം ചെലവാക്കുന്നതിന്റെ 9.4 ശതമാനം അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കായി വകയിരുത്തി. സർക്കാർ ഏറ്റവും മുൻഗണന നൽകുന്ന മേഖലയായി മാറി. വിപണിയിലേക്കു കൂടുതൽ പണമൊഴുകാനും സാമ്പത്തിക ക്രയവിക്രയം കൂടുതലായി നടക്കാനും ഇതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.