കൊച്ചി: വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ മന്ത്രി ജലീൽ കോൺസുലേറ്റുമായി ഇടപെട്ടതും സംഭാവനകൾ സ്വീകരിച്ചതും കൂടുതൽ കുരുക്കാകും. ജലീലിെൻറ മൊഴിയിൽനിന്ന് വിദേശ പണമിടപാട് സംബന്ധിച്ച ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ടിെൻറ (ഫെമ) ലംഘനം നടന്നതായാണ് ഇ.ഡി നിഗമനം.
വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ യു.എ.ഇ കോൺസുലറിൽനിന്ന് സംഭാവന സ്വീകരിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിെൻറ ലംഘനമാണ്. മാർച്ച് നാലിന് 4000 കിലോയിലേറെ വരുന്ന 31 ബാഗുകൾ കൊണ്ടുവന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇത് സി-ആപ്റ്റിെൻറ ഓഫിസിൽ എത്തിച്ചു.
ബാഗുകളിൽ ഖുർആനാണെന്നും ഇത് മലപ്പുറത്തെ രണ്ട് മതസ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയെന്നും മന്ത്രിതന്നെ പറഞ്ഞിരുന്നു. മതഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വിദേശ കോൺസുലേറ്റുകൾക്ക് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് (നിരാക്ഷേപ പത്രം) നൽകില്ലെന്ന് പ്രോട്ടോകോൾ ബുക്കിൽ ഉണ്ട്. യു.എ.ഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥങ്ങൾ ൈകപ്പറ്റിയതുതന്നെ നിയമലംഘനമായതിനാൽ കൂടുതൽ നിയമക്കുരുക്കുകളിലേക്കാണ് ജലീൽ നീങ്ങുന്നത്.
പറഞ്ഞതെല്ലാം ആവർത്തിച്ച്…
കൊച്ചി: ഇതുവരെ പുറത്തുപറഞ്ഞതെല്ലാം ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവർത്തിച്ച് മന്ത്രി കെ.ടി. ജലീൽ. സ്വത്തുവിവരങ്ങൾ എണ്ണിപ്പറഞ്ഞ മന്ത്രി, താൻ ധനികനല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാൻ വിദേശ കോൺസുലേറ്റുകൾക്ക് അനുമതിയില്ലല്ലോ എന്ന ചോദ്യത്തിന് അക്കാര്യം അറിഞ്ഞിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. അത് തിരിച്ചുനൽകാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു.
സ്വർണക്കടത്ത് കേസിെല പ്രതി സ്വപ്ന സുരേഷ് മന്ത്രിയുമായി നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ എടുത്തുചോദിച്ചു. കൺസ്യൂമർ ഫെഡ് വഴി വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകളുടെ കാര്യം പറയാനെന്നായിരുന്നു മറുപടി. സ്വത്തുവിവരങ്ങളായി ഭാര്യക്ക് 10 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. 70 ലക്ഷം വിലയുള്ള വീടും ഭൂമിയും തെൻറ പേരിലുണ്ടെന്നും വിശദീകരിച്ചു