Sunday, December 22, 2024
Google search engine
HomeUncategorizedനോക്കുകൂലി തടയണം; വികസനത്തിന് തടസ്സമുണ്ടാക്കിയാൽ കര്‍ശന നടപടി: മുഖ്യമന്ത്രി

നോക്കുകൂലി തടയണം; വികസനത്തിന് തടസ്സമുണ്ടാക്കിയാൽ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം∙ നോക്കുകൂലി തടയാന്‍ കര്‍ശനമായ നടപടികള്‍ എടുക്കണമെന്ന് കലക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തൊഴിലാളി സംഘടനയും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.  വിഡിയോ കോണ്‍ഫറന്‍സിങ് വഴി കലക്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള സഹായ വിതരണം സമയബന്ധിതമാക്കണം. 100 മണിക്കൂറിനകം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ സഹായധനം എത്തിക്കാന്‍ കഴിയുംവിധം നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഴുതി ലഭിക്കുന്ന അപേക്ഷകളും ഓണ്‍ലൈനിലേക്ക് മാറ്റണം.  പരാതി പരിഹാര അദാലത്തുകള്‍ താലൂക്ക് തലത്തില്‍ നടത്തണം. ഓരോ ജില്ലയിലും മാസത്തില്‍ ഒരു താലൂക്കില്‍ അദാലത്ത് നടത്തണം. ഇക്കാര്യം മുന്‍കൂട്ടി പൊതുജനങ്ങളെ അറിയിക്കണം. പരാതികള്‍ പരിഹരിക്കുന്നതിനുളള പൊതുമാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കലക്ടര്‍മാര്‍ക്ക് ഉടനെ നല്‍കും. തണ്ണീര്‍ത്തട-നീര്‍ത്തട സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം എന്നിവ കാരണം തീര്‍പ്പാവാതെ കിടക്കുന്ന ഭവനനിര്‍മ്മാണ അപേക്ഷകളിന്മേൽ പെട്ടെന്നു തീരുമാനമെടുക്കുന്നതിനു പ്രത്യേക അദാലത്ത് താലൂക്ക് തലത്തില്‍ നടത്തണം. ജനനം രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ കേസുകളില്‍ പരിഹാരമുണ്ടാക്കുന്നതിനു പട്ടികജാതി- പട്ടികവര്‍ഗ്ഗ കോളനികളിലും മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലും അദാലത്തുകള്‍ നടത്തണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില ഹോസ്റ്റലുകളുടെ സ്ഥിതി ശോചനീയമാണ്. കലക്ടര്‍മാര്‍ ഇടയ്ക്ക് ഹോസ്റ്റലുകള്‍ സന്ദര്‍ശിക്കണം. ആദിവാസി/ പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയോഗിക്കപ്പെട്ടവരുടെ പ്രവര്‍ത്തനം മാസത്തിലൊരു ദിവസം വിലയിരുത്തണം.  അര്‍ഹതപ്പെട്ട മുഴുവന്‍പേര്‍ക്കും അടുത്ത വര്‍ഷം അവസാനത്തോടെ പട്ടയം ലഭ്യമാക്കുന്നതിന് ഓരോ ജില്ലയിലും തീവ്രയത്ന പരിപാടി നടപ്പാക്കണം. പട്ടയവിതരണത്തിന്‍റെ പുരോഗതി ഓരോ ആഴ്ചയും വിലയിരുത്തണം. ദേശീയപാത, ദേശീയ ജലപാത, ഗെയില്‍ പൈപ്പ് ലൈന്‍, റെയില്‍വെ ലൈന്‍, തിരുവനന്തപുരം-കോഴിക്കോട് വിമാനത്താവളം, കിഫ്ബി പദ്ധതികള്‍ എന്നിവയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ കലക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ലൈഫ് പദ്ധതിക്ക് എല്ലാ ജില്ലയിലും ഭൂമി കണ്ടെത്തണം. വിവിധ വകുപ്പുകളുടെ അധീനത്തിലുളള അനുയോജ്യമായ സ്ഥലവും ഈ പദ്ധതിക്ക് ഉപയോഗിക്കണം. സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും കലക്ടര്‍മാര്‍ ശ്രദ്ധിക്കണം. ഹരിതകേരളം മിഷന്‍ ആവിഷ്കരിച്ച പരിപാടികള്‍ നടപ്പാക്കുന്നതിനു വിവിധ വകുപ്പുകളുടെ ഏകോപനം വേണം. വേണ്ടത്ര മഴ കിട്ടാത്തതിനാല്‍ വരള്‍ച്ചാ ഭീഷണി ഒഴിവായിട്ടില്ല. ഇനി ലഭിക്കുന്ന മഴ ഭൂമിയിലേക്ക് ഇറങ്ങണം. അതിനുവേണ്ടി ധാരാളം മഴക്കുഴികള്‍ നിര്‍മിക്കണം. മഴവെള്ളം കിണറുകളിലേക്കു തിരിച്ചുവിടുന്നതിന് എല്ലാ വീടുകളിലും സംവിധാനം ഉണ്ടാക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മഴവെളള സംരക്ഷണ നടപടികള്‍ എടുക്കണം. മാലിന്യ സംസ്കരണത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. എല്ലാം ഉറവിട മാലിന്യ സംസ്കരണത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല. പട്ടണങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കണം. അതിനുവേണ്ടി സ്ഥലം കണ്ടെത്താനും കലക്ടര്‍മാര്‍ മുന്‍കൈ എടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു മാലിന്യ നിര്‍മാർ‌ജനത്തിന്‍റെ പുരോഗതി കൃത്യമായി വിലയിരുത്തണം. ആര്‍ദ്രം പദ്ധതിയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുളള പരിപാടി മുന്നോട്ടു കൊണ്ടുപോകണം. എല്ലാ പൊതുവിദ്യാലയങ്ങളും പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com