മൂന്നാർ: പെട്ടിമുടിയിൽ ദുരന്ത നിവാരണ സേനയും സന്നദ്ധപ്രവർത്തകരും രാപ്പകൽ മണ്ണിനടിയിൽ പെട്ട് കിടക്കുന്നവരെ കണ്ടെത്താൻ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മണ്ണിനടിയിൽ പെട്ടവരെ ജീവനോടെ പുറത്തെക്കാൻ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും ഇവരുടെ മൃതശരീരത്തിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാതെ കാത്തിരിക്കുന്ന ഒരു കൂട്ടം ജീവികളുണ്ട് ഇവിടെ. തകർന്നടിഞ്ഞ ലയങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ മണ്ണിൽ പൂണ്ട് കിടക്കുന്ന തന്റെ യജമാനന്റെ മുഖം തേടി നടക്കുകയാണ് വളർത്തുനായകൾ.
തകർന്നടിഞ്ഞ ലയങ്ങൾക്കിടയിൽ ദിവസങ്ങളായി ഓടി നടക്കുകയാണ് ഇവ. ഇപ്പോഴും നിറഞ്ഞ പ്രതീക്ഷയോടെയാണ് ഇവരുടെ ഇരിപ്പ് . ഭക്ഷണവുമായി തന്റെ യജമാനനെത്തുമെന്ന ഭാവം അവയുടെ കണ്ണുകളിലുണ്ട്. ലയങ്ങളുടെ
അവശേഷിക്കുന്ന ഭാഗങ്ങളിലും പാറയിടുക്കിലും നടന്ന് മണംപിടിച്ച് മുന്നോട്ടു നീങ്ങുകയാണവ. ഇടയക്കൊന്നു നിൽക്കും. പിന്നെ ഇരിക്കും. ചുറ്റും പരതും. രാത്രി വൈകി രക്ഷാപ്രവർത്തകർ തെരച്ചിൽ അവസാനിച്ചാലും നായകൾ ഇവിടം വിട്ട് പോകാറില്ല. ഭക്ഷണം നൽകിയാലും ഇവ വാങ്ങാൻ കൂട്ടാക്കാറില്ലെന്ന് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തരും പറയുന്നു.