സുദര്ശന് ടി.വിയുടെ ‘യു.പി.എസ്.സി ജിഹാദി’നെതിരായ കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്
ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമങ്ങളാണ് വലിയ തോതിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതെന്നും അവയെ ആദ്യം നിയന്ത്രിക്കണമെന്നും സുപ്രീംകോടതിയോട് കേന്ദ്ര സർക്കാർ. മുസ്ലിംകളെ നിന്ദിക്കാന്‍ നോക്കിയെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയ സുദര്ശന് ടി.വിയുടെ ‘യു.പി.എസ്.സി ജിഹാദി’നെതിരായ കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്. നേരത്തെ നൽകിയ സത്യവാങ്മൂലത്തിലും ഇതേ നിലപാടാണ് കേന്ദ്രം അറിയിച്ചത്.
ഡിജിറ്റൽ മാധ്യമങ്ങൾക്ക് കോടതി നിയന്ത്രണം കൊണ്ടുവരണം. നിലവിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത സാഹചര്യമാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നതിനു പുറമേ മനപൂർവം അക്രമത്തിനും തീവ്രവാദത്തിനും വരെ പ്രോത്സാഹനം നൽകുന്നുണ്ട്. വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രതിച്ഛായക്ക് കളങ്കം വരുത്താനും പ്രാപ്തമാണ്.
മാർഗനിർദേശം നൽകാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നുവെങ്കിൽ വെബ് അധിഷ്ഠിതമായ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണം – കേന്ദ്രം അറിയിച്ചു.
ആദ്യത്തെ സത്യവാങ്മൂലത്തിലും കേന്ദ്രം ഇതേ നിലപാടാണ് അറിയിച്ചത്. ചാനലുകളുടെ കാര്യത്തിലല്ല, ഡിജിറ്റല്‍ മാധ്യമങ്ങളുടെ കാര്യത്തിലാണ് ആദ്യം തീര്‍പ്പുണ്ടാക്കേണ്ടത് എന്നാണ് കേന്ദ്രം ബോധിപ്പിച്ചത്. ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മതിയായ നിയന്ത്രണമുണ്ട്. ഇവ രണ്ടിെൻറയും കാര്യത്തില്‍ മതിയായ ചട്ടക്കൂടുകളും കോടതി വിധികളുമുണ്ട്. എന്നാല്‍, ഡിജിറ്റല്‍ മാധ്യമങ്ങളായ വാട്സ്ആപ്, ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ളവ വേഗത്തിലെത്തുന്നതും വൈറലാകാന്‍ ശേഷിയുള്ളതുമാണ്. സാധ്യത പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളാണ് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതെന്നും ആ വിഷയം സുപ്രീംകോടതി ഏറ്റെടുക്കണമെന്നും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ബോധിപ്പിച്ചിരുന്നു.