ചൈനീസ് സർക്കാറിെൻറ ‘പള്ളി ശുദ്ധീകരണം’ നടപടികളുടെ ഭാഗമായാണ് നടപടി
വടക്കുപടിഞ്ഞാറ് ചൈനയിലെ ഷിൻജിയാങ് ഉയിഗൂർ മേഖലയിൽ പള്ളി പൊളിച്ചു നീക്കിയ സ്ഥാനത്ത് പൊതുശൗചാലയം പണിതു. മേഖലയിലെ അതുഷി നഗരത്തിൽ നേരത്തെ തകർത്ത രണ്ട് പള്ളികളിലൊന്നിെൻറ സ്ഥാനത്താണ് ശൗചാലയം നിർമിച്ചതെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു. ഉയിഗുർ മുസ്ലിംകൾക്കെതിരായ ചൈനീസ് സർക്കാറിെൻറ നടപടികളുടെ ഭാഗമാണിത്. ‘പള്ളി ശുദ്ധീകരണം (Mosque Rectification)’ എന്ന പേരിൽ ചൈനീസ് സർക്കാർ 2016 ൽ തുടങ്ങിയ നടപടികളുടെ ഭാഗമായാണ് അതുഷി മേഖലയിലെ മൂന്ന് പള്ളികളിൽ രണ്ടെണ്ണവും തകർത്തത്.
ഉയ്‌ഗർ മുസ്ലീങ്ങളുടെ മനോബലം തകർക്കാനും, അവരെ അവരുടെ വിശ്വാസപ്രമാണങ്ങളിൽ നിന്ന് അടർത്തിമാറ്റാനുമാണ് പള്ളി തകർത്ത് പൊതു ശൗചാലയം പണിതതെന്ന് നിരീക്ഷകർ പറയുന്നു. നേരത്തെ, തകർത്ത മറ്റൊരു പള്ളിയുടെ സ്ഥാനത്ത് മദ്യവും സിഗരറ്റുമടക്കം വിൽക്കുന്ന കട തുടങ്ങുകയും െചയ്തിരുന്നു.
അതുഷിലെ സന്താഗ് ഗ്രാമത്തിലെ ടോക്കുൾ പള്ളി 2018 ൽ സർക്കാർ തകർക്കുകയും ഇപ്പോൾ അവിടെ പൊതുശൗചാലയം നിർമിക്കുകയുമാണ് ചെയ്തതെന്ന് മേഖലയിൽ നിന്നുള്ളവരെ ഉദ്ധരിച്ചാണ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത്. പള്ളി പൊളിക്കുന്നതിന് മുമ്പ് അത് കയ്യേറി, മിനാരത്തിൽ പാർട്ടിക്കൊടി സ്ഥാപിക്കുകയും പള്ളിയുടെ മുൻ വശത്ത് ‘രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിരുന്നു. ഹാൻ വംശജരായ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളാണ് നടപടികൾക്ക് നേതൃത്വം നൽകുന്നതെന്നും റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.
സന്താഗ് ഗ്രാമത്തിൽ പൊതു ശൗചാലയത്തിെൻറ ആവശ്യമുണ്ടോ എന്ന് റേഡിയോ ഫ്രീ ഏഷ്യ പ്രദേശ വാസികളോട് ഫോണിൽ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ: ‘അത് ഇവിടത്തെ ഹാൻ സഖാക്കളുടെ പണിയാണ്. ഇവിടെ ഒരു പൊതു ശൗചാലയത്തിെൻറ ആവശ്യം ഇല്ല. കാരണം, ഇവിടെ എല്ലാ വീടുകളിലും ടോയ്‌ലറ്റുകൾ ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു പള്ളി ഉണ്ടായിരുന്നതിെൻറയും, അവർ അത് പൊളിച്ചു കളഞ്ഞതിെൻറയും തെളിവുകൾ മറയ്ക്കുക എന്നത് കൂടിയാവും ഇങ്ങനെയൊരു നിർമാണത്തിന് പിന്നിൽ’. ‘മതവികാരം വ്രണപ്പെടുത്തുക, ആത്മാഭിമാനം മുറിപ്പെടുത്തുക എന്നതൊക്കെ ഉദ്ദേശിച്ച് മനപൂർവ്വമാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്’- മറ്റൊരു ഉയിഗൂർ പൗരൻ പറഞ്ഞു.
2017 എപ്രിൽ മുതൽ ഷി ജിൻപിങിെൻറ നേതൃത്വത്തിലുള്ള ചൈനീസ് സർക്കാർ ന്യൂനപക്ഷങ്ങളെ ‘ശുദ്ധീകരിക്കുന്നതിനായി’ പ്രേത്യക ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഉയിഗൂർ മുസ്ലിംകളടക്കം ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ള പതിനെട്ടു ലക്ഷത്തോളം ആളുകൾ ഇത്തരം ക്യാമ്പുകളിലുണ്ട്. ലേബർ ക്യാമ്പുകളിലും ഫാക്ടറികളിലുമായി അടിമ വൃത്തി പോലെ തൊഴിലെടുക്കുന്നതിനും ന്യൂനപക്ഷങ്ങൾ നിർബന്ധിക്കപ്പെടുന്നുണ്ട്.