മ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ഒപിയിലെ ഇസിജി യന്ത്രം മോഷണം പോയി. പൊലീസിൽ പരാതി നൽകുകയോ ആശുപത്രി തലത്തിൽ അന്വേഷിക്കുകയോ ചെയ്യാതെ, ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സുമാരിൽ നിന്നു പണം ഈടാക്കി പുതിയ യന്ത്രം വാങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന 5 നഴ്സുമാരിൽ നിന്ന് 6,600 രൂപ വീതം ആകെ 33,000 രൂപയാണ് ഈടാക്കിയത്.
ഒരാഴ്ച മുൻപാണ് യന്ത്രം കാണാതായത്. കോവിഡ് വാർഡിൽ പൊലീസ് അന്വേഷണം നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാലാണ് പരാതി നൽകാതെ, ഉത്തരവാദിത്തപ്പെട്ട നഴ്സുമാരിൽ നിന്ന് തുക ഈടാക്കി ഉപകരണം വാങ്ങിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ പറഞ്ഞു. സാലറി ചാലഞ്ചിനു പിന്നാലെയാണ് നഴ്സുമാർക്ക് പണം ഒടുക്കേണ്ടി വന്നത്. ഇതിനിടെ പുതിയ യന്ത്രം വാങ്ങാൻ സ്പോൺസറെ തിരക്കിയെങ്കിലും കിട്ടിയില്ല.
യന്ത്രമില്ലാതെ ഒപിയിൽ പ്രതിസന്ധി ഉണ്ടായ സാഹചര്യത്തിലാണ് നഴ്സുമാർക്ക് യന്ത്രം വാങ്ങി നൽകേണ്ടി വന്നത്. വാർഡിലെ ഉപകരണത്തിന്റെ ഉത്തരവാദിത്തം ഹെഡ് നഴ്സിനും സൂക്ഷിക്കേണ്ട ചുമതല നഴ്സുമാർക്കും ആയതിനാലാണ് അവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു