വാഷിങ്ടൺ: രാജ്യത്ത് വിപുലമായ തോതിൽ കോവിഡ് പരിശോധനകൾ നടത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രശംസിച്ചുവെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് പരിശോധനകൾ നടത്തിയത് അമേരിക്കയിലാണെന്നും റെനോയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പറഞ്ഞു.
ഇന്ത്യയിലേക്കാൾ മറ്റ് വലിയ രാജ്യങ്ങളേക്കാൾ കൂടുതൽ കോവിഡ് പരിശോധനകൾ യു.എസിൽ നടത്തി. കോവിഡ് കണക്കിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യയേക്കാൾ 44 മില്യൺ കോവിഡ് പരിശോധനകളാണ് യു.എസ് നടത്തിയത്. വിപുലമായി കോവിഡ് പരിശോധന നടത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിളിച്ച് പ്രശംസിച്ചുവെന്നും ട്രംപ് പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണകൂടം പരാജയമായിരുന്നുവെന്ന വാർത്തകൾക്കിടെ മാധ്യമപ്രവർത്തകരിലേക്ക് മോദിയുടെ പ്രശംസ വിശദീകരിച്ചു നൽകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ജോ ബൈഡനാണ് മഹാമാരി കൈകാര്യം ചെയ്തിരുന്നതെങ്കിൽ നിലവിലുള്ളതിനേക്കാൾ ആയിരക്കണക്കിന് ആളുകൾ മരിച്ചുവീണേനെ എന്നും ട്രംപ് വിമർശിച്ചു.