തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 2433 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 61 പേർ ആരോഗ്യപ്രവർത്തകരാണ്. അതേസമയം, 2,111 പേർ രോഗമുക്തരായി. ശനിയാഴ്ച 11 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ 21,800 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 40,162 സാമ്പിളുകൾ പരിശോധിച്ചു.
10 ലക്ഷം പേരിൽ 2168 പേർക്ക് രോഗം
കേരളത്തിൽ 10 ലക്ഷം പേരിൽ 2168 പേർക്ക് രോഗമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണ നിരക്ക് 10 ലക്ഷത്തിൽ 8.4 ശതമാനമാണ്. ടെസ്റ്റ് പോസറ്റിവിറ്റ് റേറ്റ് 4.3 ആണ്. കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യം
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 590 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ തീരദേശങ്ങളിൽനിന്ന് മാറി കോവിഡ് വ്യാപനം വർധിക്കുകയാണ്. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തുനിന്നും രാത്രി കൊല്ലം തീരത്തെത്തി മത്സ്യബന്ധനം നടത്തിയതായി കണ്ടെത്തിയിരുന്നു. മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റൽ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാൻ ഈ സാഹചര്യത്തിൽ തീരുമാനിച്ചു. കോഴിക്കോട്ടും തീരദേശത്ത് രോഗവ്യാപനമുണ്ട്. കണ്ണൂരിൽ ആറ് ക്ലസറ്ററുകളിൽ ആശങ്കയുണ്ട്. കാസർകോട് മരണം വർധിക്കുകയാണ്.
കോഴിക്കോട് മലാപറമ്പിൽ കോവിഡ് റീജണൽ ടെസ്റ്റിങ് ലാബിൻെറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഇതോടെ 23 സർക്കാർ ലാബുകളിലും 10 സ്വകാര്യ ലാബുകളിലും ഉൾപ്പെടെ 33 ലാബുകളിൽ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനക്ക് സൗകര്യമാകും. ആൻറിജൻ പരിശേധനക്ക് 800 ഓളം സർക്കാർ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും സൗകര്യമുണ്ട്.