ന്യൂഡൽഹി: എല്ലാ റൂട്ടുകളിലും സർവീസ് പുനഃരാരംഭിച്ച് ഡൽഹി മെട്രോ. എയർപോർട്ട് എക്സ്പ്രസ് ലൈൻ കൂടി ശനിയാഴ്ച പ്രവർത്തന സജ്ജമായതോടെയാണ് മെട്രോ മുഴുവൻ റൂട്ടുകളിലേയും സർവീസ് വീണ്ടും തുടങ്ങിയത്. 170 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ വീണ്ടും പൂർണമായ രീതിയിൽ ഓട്ടം തുടങ്ങുന്നത്.
പഴയ സമയക്രമവും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ 11 മണി വരെയായിരിക്കും ഡൽഹി മെട്രോയുടെ സർവീസ്. മാർച്ച് 22ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യു ദിനത്തിലാണ് ഡൽഹി മെട്രോ സർവീസ് പൂർണമായും നിർത്തിയത്.
ആഭ്യന്തര മന്ത്രാലയം നാലാം ഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് മെട്രോ വീണ്ടും ഓട്ടം തുടങ്ങിയത്. സെപ്റ്റംബർ ഏഴിനും 12നും ഇടയിൽ മെട്രോയുടെ പൂർണ രീതിയിലുള്ള സർവീസ് ആരംഭിക്കുമെന്നായിരുന്നു ഡി.എം.ആർ.സി അറിയിച്ചത്. ഒന്നാം ഘട്ടത്തിൽ രണ്ടാം ലൈൻ മാത്രമാണ് സർവീസ് തുടങ്ങിയത്. സർവീസ് സമയത്തിലും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ സർവീസ് സമയം ദീർഘിപ്പിച്ചു. മൂന്നാം ഘട്ടത്തിൽ ഇത് പൂർണ്ണ സജ്ജമാക്കുകയായിരുന്നു.