ഒരു വർഷത്തിലേറെയായി വ്യാജരേഖയുണ്ടാക്കി സ്വർണം കടത്തി
തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് യു.എ.ഇ കോണ്സുലേറ്റിേൻറതടക്കം വ്യാജരേഖകള്‍ നിര്‍മിച്ചത് സരിത്താണെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സരിത്ത് സ്റ്റാച്യുവിലെ സ്ഥാപനത്തിലെത്തി സീൽ ഉൾപ്പെടെ വ്യാജരേഖകൾ നിര്‍മിച്ചത്. കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന സമയത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് സ്റ്റാമ്പ് നിര്‍മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ചത്. ലെറ്റര്‍ഹെഡ് ഉള്‍പ്പെടെയുള്ള ചില രേഖകളും സരിത്ത് കടത്തിയിരുന്നു.
ഇതില്‍ ചിലത് പാച്ചല്ലൂരിലെ ഇയാളുടെ കുടുംബവീട്ടില്‍ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തി. മറ്റ് ചില രേഖകൾ ഒരു ഡി.ടി.പി സെൻററിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ കൃത്യമായി പദ്ധതി തയാറാക്കിയാണ് സ്വർണക്കടത്ത് നടത്തിവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു വർഷത്തിലേറെയായി ഇത്തരത്തിൽ വ്യാജരേഖയുണ്ടാക്കി സ്വർണം കടത്തിയെന്നാണ് കണ്ടെത്തൽ. ജൂൺ 30ന് എത്തിയ നയതന്ത്ര പാഴ്സല്‍ വാങ്ങാന്‍ സരിത്തിനെ ചുമതലപ്പെടുത്തി കസ്റ്റംസിന് കൈമാറിയ കത്ത് വ്യാജമാണെന്ന് അന്വേഷണസംഘം തെളിയിച്ചു. സരിത്ത് സ്വന്തമായാണ് കത്ത് തയാറാക്കിയത്. കോണ്‍സുലേറ്റിെൻറ ഓഫിസ് സെക്രട്ടറിയായി സ്വപ്ന ജോലിചെയ്യുമ്പോള്‍ പാർസലുകള്‍ വാങ്ങാന്‍ സരിത്തിനെ അയച്ചിരുന്നു.
ഈ സമയം ഉപയോഗിച്ച ഔദ്യോഗിക കത്തുകളുടെ മാതൃക സരിത്തും സ്വപ്നയും സ്വന്തമാക്കി. കോണ്‍സുലേറ്റിലെ ജോലി നഷ്ടമാകുംമുമ്പേ ഇവര്‍ കോൺസുലേറ്റിെൻറ വ്യാജ സീലുകളും ഉണ്ടാക്കി. സ്വര്‍ണമടങ്ങിയ പാർസല്‍ ഇന്ത്യയിലേക്ക് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയ അറ്റാഷെയുടെ പേരിലെ കത്തും വ്യാജമായിരുന്നുവെന്ന വിലയിരുത്തലാണ് അന്വേഷണ സംഘം. എന്നാൽ എല്ലാ സ്വർണക്കടത്തും വ്യാജരേഖ ഉപയോഗിച്ചാണോ നടത്തിയതെന്ന കാര്യത്തിൽ കൂടുതൽ പരിശോധന വേണമെന്ന നിലപാടിലാണ് അന്വേഷണസംഘം. സ്വർണക്കടത്ത് കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അവർ പറയുന്നു.
വ്യാജരേഖ നിർമാണവുമായി ബന്ധപ്പെട്ട് ചിലരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെയും പ്രതിചേർക്കും. ഗൂഢാലോചനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രതികളുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ചിലരെ ദിവസങ്ങൾക്കുള്ളിൽ കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം. സ്വപ്നയും സരിത്തും തയാറാക്കുന്ന വ്യാജരേഖ ഉപയോഗിച്ച് കോൺസുലേറ്റിെൻറ പേരിൽ എത്തുന്ന ബാഗേജ് കൈപ്പറ്റാൻ യു.എ.ഇ കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. കോൺസുലേറ്റിലെ അറ്റാഷെക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണസംഘം വൃത്തങ്ങൾ പറയുന്നു. കള്ളക്കടത്തിന് കോൺസുലേറ്റിലെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കോൺസുലേറ്റ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.