ബിസിനസ് ഇടപാടുകൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത ബന്ധമുള്ള വനിതയുമായുണ്ടായിരുന്ന അടുപ്പവും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നു. ഇവരുടെ സഹായത്തോടെ സ്വപ്ന തലസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയെന്ന വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. വനിതയുമായി സ്വപ്നക്ക് അടുത്ത ബന്ധം തന്നെയുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്.
ഇവരുമായി സ്വപ്നക്ക് ബിസിനസ് ഇടപാടുകൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. വിദേശത്തുൾപ്പെടെ നിരവധി യാത്രകൾ നടത്തുന്ന ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. സ്വപ്നയും ഇവരും സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുത്ത ചിത്രങ്ങളും ലഭിച്ചതിനെതുടർന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. സ്വപ്ന, സരിത്ത് എന്നിവരുടെ ഫോണുകൾ പരിശോധിച്ചതിൽനിന്ന് ഇൗ സ്ത്രീയുമായി ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ചില ദിവസങ്ങളില്‍ പത്തിലധികം തവണ വിളിച്ചു. പലതും ദൈര്‍ഘ്യമുള്ള കോളുകളായിരുന്നു. സ്വപ്ന ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിെൻറ ഫോണില്‍നിന്ന് ഇവരെ ബന്ധപ്പെട്ടിട്ടുണ്ട്.
ഒളിവില്‍ പോകുന്നതിന് മുമ്പും കര്‍ണാടകയിലേക്ക് പോകുന്ന വഴിയിലും കുടുംബസുഹൃത്തിെൻറ ഫോണില്‍നിന്ന് സ്വപ്ന ഇവരെ വിളിച്ചു. വര്ക്കലയിൽവെച്ചും ഇവരുമായി ഫോണില്‍ സംസാരിച്ചു.
ബംഗളൂരുവിലേക്ക് പോയ സ്വപ്നക്ക് ഇൗ സ്ത്രീ മറ്റെന്തെങ്കിലും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. നിരന്തരം ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ യാത്ര ചെയ്തിരുന്ന ഇൗ സ്ത്രീ കോണ്‍സുലേറ്റ് ഓഫിസിലും പലതവണ സ്വപ്നയെ കാണാന്‍ എത്തിയിരുന്നതായി അവിടത്തെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. സ്വർണക്കടത്ത് ഗൂഢാലോചന നടന്നെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലും ഇവർ നിത്യസന്ദര്ശകയായിരുന്നത്രെ. ഇവരുടെ പരിചയത്തിലുള്ള ഒരു കെട്ടിടത്തിലേക്ക് കോൺസുലേറ്റ് ഒാഫിസ് മാറ്റാനുള്ള ചർച്ചകളും നടന്നിട്ടുണ്ട്.
അതിന് പുറമെ ഇവരുടെ ഒരു അടുത്ത ബന്ധുവിന് സ്വർണക്കടത്ത് ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്നെന്നും ഇയാൾ സ്വർണക്കടത്ത് സംഘങ്ങൾക്കൊപ്പം ചില സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണസംഘങ്ങൾ കെണ്ടത്തിയിട്ടുണ്ട്. തലസ്ഥാനത്തെ പ്രധാന ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടുമായുള്ള സ്വപ്നയുടെ ബന്ധവും അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിൽനിന്ന് സ്വപ്ന ഇവരെ വിളിച്ചെന്ന ആേരാപണമാണ് ഉയർന്നത്.