കോവിഡ്-19 എത്തിയതിനെ തുടര്‍ന്ന് ലോകത്തെ ഏകദേശം മൂന്നിലൊന്ന് ആള്‍ക്കാരോട് അവരുടെ സര്‍ക്കാരുകള്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തില്‍ തങ്ങളുടെ പുതുക്കിയ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. 60 വയസിലേറെ പ്രായമുള്ളവര്‍ മെഡിക്കല്‍ മാസ്‌കുകള്‍ ധരിക്കണമെന്നും അതില്‍ താഴെ പ്രായമുള്ളവര്‍ മുന്നു ലെയറുകളുള്ള മാസ്‌ക് ധരിക്കണമെന്നുമാണ് പുതിയ നിര്‍ദ്ദേശം. എന്നാല്‍, മാസ്‌ക് ധരിച്ചതുകൊണ്ട് വൈറസിനെ അകറ്റി നിര്‍ത്താനാവില്ലെന്നു വിശ്വസിക്കുന്ന സംശായലുക്കള്‍ സമൂഹത്തില്‍ വളരെയധികം ഉണ്ട്. ഇവര്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കുകയാണ് കൊറോണാവൈറസ് അഴിഞ്ഞാടിയ ഇറ്റലിയില്‍ നടത്തിയ ഒരു പഠനം.
മാസ്‌ക് ധരിക്കുന്നവരോട് ആളുകള്‍ എങ്ങനെ പെരുമാറുമെന്നു കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ മാസിമോ മര്‍ചിയോറി തന്റെ പഠനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. അതിനായി അദ്ദേഹം ഒരു സാമൂഹിക അകലംപാലിക്കല്‍ ബെല്‍റ്റ് (social distancing belt) ഉണ്ടാക്കി കെട്ടുകയായിരുന്നു. ഏകദേശം 2,100 രൂപയാണ് ഇതിനു ചെലവു വന്നത്. ചാരനിറത്തിലുളള ഒരു ഹാന്‍ഡ്ബാഗിനെ അനുസ്മരിപ്പിച്ച ഈ ഉപകരണത്തില്‍ ഒരു ഡേറ്റാ കാര്‍ഡും റീചാര്‍ജബിൾ ബാറ്ററിയും, പ്രോക്‌സിമിറ്റി സെന്‍സറുകളുമാണ് ഉണ്ടായിരുന്നത്. ആരെങ്കിലും അല്ലെങ്കിലും അടുത്തേക്കു വരുന്നുണ്ടോ എന്നു കണ്ടെത്താനാണ് സെന്‍സറുകള്‍.
മഹാമാരി മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയത്ത് അദ്ദേഹം തന്റെ ബെല്‍റ്റും കെട്ടി വെനീസിലെയും സമീപ പ്രദേശങ്ങളിലേയും തെരുവുകളിലേക്കിറങ്ങുകയായിരുന്നു. തന്റെ പരീക്ഷണം കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ തന്റെ കൂട്ടുകാരുടെ സഹായവും അദ്ദേഹം തേടി. അവരും സാമൂഹിക അകലംപാലിക്കല്‍ ബെല്‍റ്റ് അണിഞ്ഞ് ഈ പഠനത്തില്‍ പങ്കാളികളാകുകയായിരുന്നു. ഇത്തരത്തില്‍ 12,000 ആളുകളുടെ പ്രതികരണമാണ് മര്‍ചിയോറിയും കൂട്ടുകരും ചേര്‍ന്ന് റെക്കോഡു ചെയ്തത്. നടപ്പാതകളിലും സ്റ്റോറുകളിലും അവര്‍ ആളുകളുടെ പ്രതികരണം പരീക്ഷിച്ചു മനസിലാക്കാനായി എത്തി. എല്ലാവരും സാമൂഹിക അകലംപാലിക്കലിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ആരും ഇത് നടക്കുന്നത് എങ്ങനെയാണെന്ന് പരീക്ഷിക്കാന്‍ മുതിര്‍ന്നില്ലെന്നും മര്‍ചിയോറി പറയുന്നു. അദ്ദേഹത്തിന്റെ പരീക്ഷണത്തില്‍ നിന്നു മനസിലാകുന്നത് മാസ്‌ക് ധരിക്കുന്നത് അപാരമായ മാറ്റമാണ് വരുത്തുന്നതെന്നാണ്.
തന്റെ പരീക്ഷണത്തിനായി അദ്ദേഹവും കൂട്ടുകാരും മാസ്‌ക് ധരിക്കാതെ നിരത്തുകളിലൂടെ നടന്നു. അപ്പോള്‍ കാല്‍നടയാത്രക്കാര്‍ തന്റെ വളരെയടുത്ത് എത്തുന്നു- നടപ്പാതകളില്‍ സാധാരണഗതിയില്‍ ഒരടി വരെ അടുത്ത് എത്തുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍, അദ്ദേഹവും കൂട്ടുകാരും മാസ്‌ക് ധരിച്ചെത്തിയപ്പോള്‍ ആളുകള്‍ തങ്ങളില്‍ നിന്ന് അകന്നു നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായി കണ്ടെത്തിയെന്നാണ് പറയുന്നത്. മാസ്‌ക് ധരിക്കാതെ നടക്കുമ്പോഴുള്ളതിന്റെ ഇരട്ടി അകലം പാലിക്കാന്‍ ആളുകള്‍ ശ്രമക്കുന്നതായാണ് അദ്ദേത്തിന്റെ അകലം പാലിക്കല്‍ ബെല്‍റ്റിലെ സെന്‍സറുകളുടെ ഡേറ്റ പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ മാസ്‌കുകള്‍, വളരെയധികം സമൂഹ ജീവികളായി അറിയപ്പെടുന്ന മനുഷ്യരെ അകറ്റി നിർത്താന്‍ ഉപകരിക്കുന്നു. ഇതാകട്ടെ പരസ്പരം രോഗം കൈമാറാതിരിക്കാനും സഹായിക്കുന്നു. നമ്മളിലെ മനുഷ്യത്വമാണ് പരസ്പരം അടുത്തേക്കു വരാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് പാഡുവായിലെ പ്രൊഫസര്‍ കൂടിയായ മര്‍ചിയോറി നിരീക്ഷിക്കുന്നത്. നിങ്ങളുടെ മാനവീകത അല്‍പം എടുത്തുമാറ്റുക.
കുറച്ച് ‘സാമൂഹ്യവിരുദ്ധരാകുക,’ അങ്ങനെ മാത്രമേ മനുഷ്യരാശിയെ രക്ഷിക്കാനാകൂ എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകളും കൂടുതല്‍ വിശകലനം നടത്താനിരിക്കുന്ന ഇത്തരത്തിലുള്ള നിരവധി പഠനങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇരിക്കുന്നത്. എന്നാല്‍, സാമൂഹിക അകലംപാലിക്കല്‍ നടക്കുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഡേറ്റ ഉപയോഗിച്ചു നടത്തിയ ആദ്യ പഠനങ്ങളിലൊന്നാണിത് എന്ന കാര്യം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മറ്റു ഗവേഷകര്‍ പറയുന്നു. ആരോഗ്യ പരിപാലന ഉദ്യോഗസ്ഥര്‍ മാസ്‌ക ധരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഇതു ഫലപ്രദമാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഡേറ്റാ സയന്റിസ്റ്റായ ജെറമി ഹോവഡും പറയുന്നത് രോഗത്തെ അകറ്റി നിർത്താന്‍ ഉപകരിക്കുന്ന പ്രാധാന്യമേറിയ ഒരു ഘടകമാണ് മാസ്‌ക് എന്നാണ്. വെറുതെ വീട്ടിലുണ്ടാക്കിയെടുത്ത മാസ്‌ക് പോലും ഉപകരിക്കമെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ്-19 സമൂഹത്തിലുണ്ടാക്കുന്ന മുറിവുണങ്ങാനായി എല്ലാവരും മാസ്‌ക് ധരിക്കുക തന്നെ വേണമെന്നാണ് അദ്ദേഹം പറയുന്നത്.
അതിലൂടെ സ്വന്തം നാട്ടില്‍ അല്ലെങ്കില്‍ സമൂഹത്തില്‍ വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, മാസ്‌ക് ധരിച്ചു പുറത്തിറങ്ങിക്കോളാനുള്ള അനുവാദം പലരും ദുരുപയോഗം ചെയ്യുന്നുവെന്നു നിരീക്ഷിക്കുന്നവരും ഉണ്ട്. ആളുകളുടെ സ്മാര്‍ട് ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ച് അമേരിക്കയില്‍ നടത്തിയ ഒരു പഠനം പറയുന്നത് ഇതോടെ ആളുകള്‍ വീടുവിട്ടിറങ്ങുന്നത് കൂടിയെന്നാണ്. ഇത് കൊറോണാവൈറസ് പടരുന്നതു തടയുന്ന കാര്യത്തില്‍ വിപരീത ഗുണം മാത്രമായിരിക്കും ഉണ്ടാക്കുക എന്നും പറയുന്നു. ആളുകള്‍ യാത്രകള്‍ കുറയ്ക്കുക തന്നെ വേണമെന്നാണ് അവരുടെ ഉപദേശം. മാസ്‌കുകള്‍ ഉപയോഗിച്ച് പുറത്തിറങ്ങിക്കോളാന്‍ അനുവദം ലഭിച്ചതു മുതല്‍ അമേരിക്കക്കാര്‍ ശരാശരി 30 മിനറ്റ് അധികമായി പുറത്തു സഞ്ചരിക്കുന്നതായി പറയുന്നു. മാസ്‌ക് ധരിച്ചാല്‍ പുറത്തിറങ്ങാമെന്ന ഒരു സമ്മതപത്രം ലഭിച്ചതുപോലെയാണ് ആളുകള്‍ ഇപ്പോള്‍ നിരത്തുകളിലേക്ക് എത്തുന്നതെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. മാസ്‌ക് ധരിച്ചു ഫോട്ടോ എടുക്കാന്‍ വിസമ്മതിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറ്റും മുഖാവരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ നീക്കങ്ങളെ പിന്നോട്ടടിക്കുന്നതായും നിരീക്ഷിക്കപ്പെടുന്നു.