ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതം മാറിമറിഞ്ഞിട്ട് മാസം അഞ്ചു കഴിയുന്നു. മാസ്കും സാനിറ്റൈസറും ഹാൻഡ്‌വാഷും സാമൂഹിക അകലവും പാലിക്കാതെയുമുള്ള ഒരു ജീവിതം ഇനി അസാധ്യമാണ്. കാരണം കോവിഡ് അത്ര പെട്ടെന്നൊന്നും വിട്ടുപോകില്ലെന്നതുതന്നെ. കൊറോണ വൈറസ് വളരെ കാലത്തോളം നമ്മുടെകൂടെ ജീവിക്കുകയും ചിലപ്പോഴെങ്കിലും നമ്മളെ അവസാനിപ്പിക്കുകയും ചെയ്യുന്ന ഒന്നാകാം. എച്ച്ഐവി പോലെ, മാറി വരുന്ന ശക്തി കൂടിയ ടിബി അണുക്കളെപോലെ കൊറോണ വൈറസ് നമ്മുടെകൂടെ ജീവിക്കും. ഇനി ഈ വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പ്രാപ്തരാകുകയാണു വേണ്ടത്. കൊറോണ വൈറസിനൊപ്പം ജീവിതം മുന്നോട്ടു പോകുമ്പോൾ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കണം 1. വൈറസുകൾ എല്ലാ പ്രതലത്തിലും പറ്റിപിടിക്കാം. പ്ലാസ്റ്റിക്കിൽ 72 മണിക്കൂർവരെ ജീവിച്ചിരിക്കാം.
ലോഹവസ്തുക്കളിൽ 4–6 മണിക്കൂർ വരെയും. 2. കടലാസിൽ 24 മണിക്കൂറും സ്റ്റെയിൻലസ് സ്റ്റീൽ പ്രതലങ്ങളിൽ രണ്ടു മണിക്കൂർ വരെയും ജീവിച്ചിരിക്കാം. 3. വൈറസ് എല്ലായിടത്തും ഉണ്ടെന്ന ബോധത്തോടെതന്നെ നമ്മൾ പെരുമാറണം. എവിടെ തൊട്ടാലും കൈകൾ അണുവിമുക്തമാക്കണം. 4. പനി, ചുമ എന്നിവയുള്ള വ്യക്തിയിൽ നിന്ന് ആറടിയെങ്കിലും അകലത്തിൽ നിൽക്കുന്നതാണ് ഉചിതം. 5. ഉമിനീര് തൊട്ട് പുസ്തകത്താളുകൾ മറിക്കുക, പണം എണ്ണുക തുടങ്ങിയ ശീലം നിർബന്ധമായും ഒഴിവാക്കണം. പൊതുവിടങ്ങളിൽ തുപ്പുന്ന ശീലവും വേണ്ട. 6. മാസ്ക് ധരിക്കുന്നതിനു മുൻപ് കൈകൾ അണുവിമുക്തമാക്കണം. മൂക്കും വായും മുഴുവനായും മൂടണം. മാസ്ക് കഴുത്തിലോ താടിയിലോ വയ്ക്കരുത്.
ഒരാളുടെ മാസ്ക് മറ്റൊരാൾ വയ്ക്കരുത്. 7. കുറച്ചു നാളത്തേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണം. കാറിൽ ഒരുപാടു പേർ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. 8. കടകളിൽ തിരക്കാണെങ്കിൽ ഓൺലൈൻ ഷോപ്പിങ് സംവിധാനം ഉപയോഗപ്പെടുത്താം. എന്നാൽ ഇവർ കൊണ്ടുവരുന്ന പായ്ക്കുകൾ അണുവിമുക്തമാക്കണം. 9. ഈറ്റിങ് ഔട്ട് സമ്പ്രദായത്തിനു കുറച്ചുകാലത്തേക്കു വിട നൽകാം. പ്രത്യേകിച്ച്, തട്ടുകടകളിൽ നിന്ന്. വീട്ടുഭക്ഷണം ശീലിക്കാം. 10. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ഹെൽമറ്റിന്റെ മുൻഭാഗത്തെ ഗ്ലാസ്പാളി സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. ബൈക്ക്, സൈക്കിൾ എന്നിവ കൈമാറി ഉപയോഗിക്കാതിരിക്കുക.