ന്യൂഡൽഹി: പ്രമുഖ ഗെയിമിങ് ആപ്പായ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയാണ് കേന്ദ്ര ഐ.ടി മന്ത്രാലയം കടുത്ത തീരുമാനമെടുത്തത്.
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിെൻറ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയുമാണ് നടപടിയെനന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഈ നീക്കം കോടിക്കണക്കിന് മൊബൈൽ, ഇൻറർനെറ്റ് ഉപയോക്താക്കൾക്ക് സംരക്ഷണമേകും.
ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിലെ ചില മൊബൈൽ ആപ്പുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കീഴിലെ സൈബർ ക്രൈം കേന്ദ്രവും ഇത്തരം ആപ്പുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഐ.ടി മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 33 ലക്ഷം പേർ പബ്ജി കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ടിക്ടോക്, യു.സി ബ്രൗസർ, എക്സെൻഡർ അടക്കം 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ജൂൺ 15ന് ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായതിനെ തുടർന്ന് ചൈനയുമായി നിലനിന്ന സംഘർഷത്തിെൻറ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സർക്കാർ നീക്കം.
ഷെയർ ഇറ്റ്, ഡു ബാറ്ററി സേവർ, എം.ഐ കമ്മ്യൂണിറ്റി, വൈറസ് ക്ലീനർ, ക്ലബ് ഫാക്ടറി, വി മീറ്റ്, ഹലോ തുടങ്ങിയവയും അന്ന് നിരോധിച്ചതിൽ ഉൾപ്പെടും.