ഒരു മാസത്തിനിടെ രണ്ടാം തവണ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലെ സുരക്ഷാ തകരാര്‍ പുറത്തുവിട്ട് ഗൂഗിള്‍. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൌസറിലും ഇന്റര്‍നെറ്റ് എക്സ്‌പ്ലോററിലുമാണ് വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. നേരത്തെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഗ്രാഫിക് ഡിവൈസ് ഇന്റര്‍ഫേസ് കംപോണന്റിലെ സുരക്ഷാ തകരാര്‍ ഗൂഗിള്‍ പുറത്തുവിട്ടിരുന്നു. ഗൂഗിളിന്റെ പ്രോജക്റ്റ് സീറോ ഗവേഷക ടീമിലെ ഒരംഗമാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍, ഇതുവഴി ഹാക്കര്‍മാര്‍ക്ക് വളരെയെളുപ്പം മലീഷ്യസ് കോഡുകള്‍ ഉപയോഗിച്ച് കംപ്യൂട്ടറുകളെ ആക്രമിക്കാന്‍ കഴിയും. സൈബര്‍ ലോകത്തെ സുരക്ഷാ തകരാറുകള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗവേഷകരുടെ സൈബര്‍ സുരക്ഷാ കൂട്ടായ്മയാണ് ഗൂഗിള്‍ പ്രോജക്റ്റ് സീറോ. പ്രോജക്റ്റ് സീറോയിലെ ഗവേഷകനായ ഇവാന്‍ ഫാട്രിക് ആണ് മൈക്രോ സോഫ്റ്റ് എഡ്ജിലേയും ഇന്റര്‍നെറ്റ് എക്സ്‌പ്ലോററിലേയും സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഈ സുരക്ഷാ പഴുതിലൂടെ വിദൂരസ്ഥലങ്ങളിരുന്ന് പ്രത്യേക കോഡുകള്‍ ഉപയോഗിച്ച് അറ്റാക്കര്‍മാര്‍ക്ക് കംപ്യൂട്ടറുകളുടെ ആക്രമണം സാധ്യമാക്കും. പ്രോജക്റ്റ് സീറോയുടെ നയപ്രകാരം ബഗ് കണ്ടെത്തിയാല്‍ പുറത്തുവിടുന്നതിന് 90 ദിവസം അന്തിമ സമയപരിധിയുണ്ടാകും. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പ്രസ്തുത കമ്പനി തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ തകരാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിടും. ഇത്തരത്തിലാണ് മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളുടെ സുരക്ഷാ തകരാറുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏകോപനത്തോടെയുള്ള സുരക്ഷാ തകരാര്‍ പുറത്തുവിടലുകളെ തങ്ങള്‍ അനുകൂലിക്കുന്നു. എന്നാല്‍ ഗൂഗിളിന്റെ 90 ദിവസമെന്ന അന്തിമ സമയപരിധി വര്‍ധിപ്പിക്കണമെന്നും മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. പുതിയ അപ്ഡേറ്റിലൂടെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൈക്രോസോഫ്റ്റിന്റെ വന്‍ സുരക്ഷാ വീഴ്ച പുറത്ത് വിട്ട് ഗൂഗിള്‍
RELATED ARTICLES