ഹാഥറസ്: ബലാത്സംഗത്തിനിരയായി കൊലെചയ്യപ്പെട്ട ദലിത് പെൺകുട്ടിയുടെ വീടിന് കനത്ത കാവലൊരുക്കി ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടിയുെട മരണത്തെ തുടർന്ന് ഹാഥറസിലുള്ള ഇവരുടെ വീട്ടിലേക്ക് വന്ന മാധ്യമപ്രവർത്തകരെ അടക്കം തടയുകയും വീട്ടുകാരെ പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്ത പൊലീസാണ്, വീട്ടുകാർക്ക് സുരക്ഷ ഒരുക്കാൻ എന്നവകാശപ്പെട്ട് ഇപ്പോൾ ഇവിടെ വൻസന്നാഹം ഒരുക്കിയിരിക്കുന്നത്. അറുപതോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്ന വീടിനു ചുറ്റും എട്ടു ക്ലോസ്ഡ് സർക്യൂട്ട് കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറായി ലഖ്നോവിൽനിന്ന് ഡി.ഐ.ജി ശലഭ് മാത്തൂറിനെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവിടെ കൺട്രോൾ റൂം സ്ഥാപിക്കുമെന്ന് ഡി.ഐ.ജി അറിയിച്ചു.
”ഇരയുടെ കുടുംബത്തിെൻറ സുരക്ഷക്കായി 12 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 60 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തനം വിലയിരുത്താൻ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെയും നിയമിച്ചു. കാമറകളുടെ സഹായത്താൽ വീട് 24 മണിക്കൂറും നിരീക്ഷിക്കും” -മാത്തൂർ പറഞ്ഞു.
വീട് സന്ദർശിക്കാൻ വരുന്നവരെ രജിസ്റ്ററിൽ പേരുേചർത്ത് മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് ഹാഥറസ് ജില്ല പൊലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൾ അറിയിച്ചു. ഒാരോ കുടുംബാംഗത്തിനും രണ്ടു സുരക്ഷ സേനാംഗങ്ങൾ വീതം സംരക്ഷണം നൽകും. അഗ്നിരക്ഷ സേനയെയും രഹസ്യാന്വേഷണ വിഭാഗത്തെയും നിയോഗിച്ചിട്ടുമുണ്ട്.
പ്രധാന കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചതായും എസ്.പി പറഞ്ഞു. ജില്ല മജിസ്ട്രേറ്റ് അടക്കമുള്ള ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഹാഥറസ് ഇരയുടെ മാതാപിതാക്കൾ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും മൊഴി മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.