ഒരു സാങ്കല്‍പിക സീന്‍ വിവരിച്ചുകൊണ്ടു തുടങ്ങാം. പ്രശസ്ത കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരുമൊത്ത് സൗഹൃദ സംഭാഷണത്തിനിടെ തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയെ കുറിച്ച് തമാശിന് അത്ര നല്ലതല്ലാത്ത ഒരു പരാമര്‍ശം നടത്തുന്നു. പിറ്റേന്ന് അയാള്‍ പതിവുപോലെ ജോലിക്കെത്തുമ്പോള്‍ ഉടമ അയാളെ തന്റെ മുറിയിലേക്കു വിളിപ്പിക്കുന്നു. ഇന്നലെ താങ്കള്‍ ഇങ്ങനെ പറഞ്ഞോ എന്നു ചോദിക്കുന്നു. ‘അയ്യോ, സാര്‍ ഞാന്‍ അങ്ങനെയല്ല പറഞ്ഞത്’ എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ഉടമ തന്റെ കംപ്യൂട്ടറില്‍ അയാള്‍ പറഞ്ഞതിന്റെ വിഡിയോ ദൃശ്യം അയാള്‍ക്കു കാണിച്ചു കൊടുക്കുന്നു. താന്‍ പറഞ്ഞ തമാശ ആസ്വദിച്ചതായി ഭാവിച്ച സഹപ്രവര്‍ത്തകരാരോ താന്‍ പറഞ്ഞത് പ്രത്യക്ഷത്തില്‍ തന്റെ നേരെ ക്യാമറയോ ഫോണോ ഒന്നും ചൂണ്ടാതെ ഷൂട്ടു ചെയ്ത് അയച്ചിരിക്കുന്നു എന്ന് ഉദ്യോഗസ്ഥനു മനസിലായി. ഇനി ഇത്തരം കാര്യങ്ങള്‍ ലൈവ് ബ്രോഡ്കാസ്റ്റ് നടത്തുകപോലും ചെയ്യാം. ഇത്തരം സംഭവങ്ങള്‍ സര്‍വ്വസാധാരണമാകുന്ന കാലമാണു നമ്മുടെ നാട്ടിലും വരാന്‍ പോകുന്നത്. അമേരിക്ക ഇപ്പോള്‍ തന്നെ ഒരു ‘ഷൂട്ട് ആന്‍ഡ് ഷെയര്‍’ സമൂഹമായി കഴിഞ്ഞിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ണടകളിലും, ബട്ടണുകളിലും പാവകളിലും, ആഭരണത്തിലുമെല്ലാം ഒളിപ്പിക്കാവുന്ന ക്യാമറകള്‍ നമ്മുടെ നാട്ടിലും ലഭ്യമാണ്. ഇത്തരം ക്യാമറകളുടെ ഉപയോഗം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇങ്ങനെ റെക്കോഡു ചെയ്യപ്പെടുന്ന വിഡിയോകളുടെ കാഴ്ചക്കാര്‍ അനുദിനം വര്‍ധിക്കുകയാണെന്നത് ഈ ട്രെന്‍ഡിനു സ്വീകര്യത കൂടുന്നു എന്നതിന്റെ തെളിവാണ്. കണക്കുകള്‍ പറയുന്നത് ഒരു ദിവസം ഏകദേശം എട്ടു ബില്ല്യന്‍ വിഡിയോ ക്ലിപ്പുകള്‍ ഫെയ്‌സ്ബുക്കിലും, അഞ്ചു ബില്ല്യന്‍ യുട്യൂബിലും കാണുന്നു എന്നാണ്. 80 മില്ല്യന്‍ ഫോട്ടോ ഒരു ദിവസം ഇന്‍സ്റ്റഗ്രാമിലേക്കു മാത്രം അയയ്ക്കപ്പെടുന്നു. അമേരിക്കക്കാരുടെ ലോകം ഇപ്പോഴേ ‘ഡിജിറ്റല്‍ ഒളിഞ്ഞു നോട്ടക്കാരുടേതായി’ എന്നാണ് പറയുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ തങ്ങളുടെ ഡേറ്റ സ്വകാര്യമായി സൂക്ഷിക്കില്ലെന്ന് വിശ്വസിക്കുന്നവര്‍ക്കു പോലും സ്വയം പരസ്യപ്പെടുത്താനുള്ള ചൊറിച്ചില്‍ പിടിച്ചു നിറുത്താനാകുന്നില്ല എന്നാണ് സാമൂഹ്യ നിരീക്ഷകര്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബർഗ് പറയുന്നത് താമസിയാതെ തന്റെ സൈറ്റ് മുഴുവന്‍ വിഡിയോ കൊണ്ടു നിറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ്. ഇതെല്ലാം മനുഷ്യസംസ്‌കാരത്തെയും സ്വകാര്യതയെയും തന്നെ മാറ്റിമറിക്കാന്‍തക്ക ശക്തമായ മാറ്റങ്ങളാണ് എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇത്ര കാലം മാധ്യമങ്ങള്‍ ഇട്ടു കൊടുത്തിരുന്ന വാര്‍ത്തകളുടെ വെറും വായനക്കാരനോ കാഴ്ചക്കാരനോ ഒക്കെയായിരുന്നു മനുഷ്യര്‍. അവര്‍ക്ക് അത് അംഗീകരിക്കേണ്ടിയിരുന്നു. ഇന്ന് സാങ്കേതികവിദ്യയുടെ കഴിവുപയോഗിച്ച് സ്വന്തം വീക്ഷണകോണ്‍ ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പുന്നവരെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കാശുമുടക്കാതെ ബ്ലോഗുകള്‍ തുടങ്ങാവുന്ന കാലം നേരത്തെ എത്തിയിരുന്നല്ലോ. പക്ഷെ അത്രയധികം പേര്‍ ബ്ലോഗര്‍മാരായില്ല. എഴുത്തിന് ചെറിയ രീതിയിലെങ്കിലും ഭാഷാ സ്വാധീനം വേണ്ടിയിരുന്നു. ക്യാമറകളും നേരത്തെ ഉണ്ടായിരുന്നു. അവയുടെ ഔപചാരികത പലരെയും അതിനെക്കുറിച്ച് അറിയുന്നതില്‍ നിന്നു പോലും അകറ്റി നിറുത്തി. കൂടാതെ, അവ ഉപയോഗിച്ച് മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ ചിത്രങ്ങളോ വിഡിയോയോ പകര്‍ത്തുക എന്നതും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇന്നത്തെ ക്യാമറകള്‍ സ്മാര്‍ട്ട് ആണ്. ആയിരക്കണക്കിനു പേരാണ് ക്യാമറ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെപ്പറ്റിയുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ലൈലോ ശരീരത്തില്‍ അണിയാവുന്ന, ഏതു സമയവും ഓണായിരിക്കുന്ന, കുഞ്ഞു ക്യാമറകള്‍ ഉണ്ട്. അവയെയാണ് ലൈഫ് ലോഗിങ്, അല്ലെങ്കില്‍ ലൈലോ എന്നു വിളിക്കുന്നത്. ഇവ അണിഞ്ഞെത്തുന്നവര്‍ നമ്മുടെ സമൂഹത്തില്‍ എത്രയുണ്ട് എന്നറിയില്ല. പക്ഷെ അത്തരക്കാരുടെയും എണ്ണം കൂടാനെ വഴിയുള്ളു. ഷൂട്ട് ആന്‍ഡ് ഷെയര്‍ മനസുള്ളവരുടെ അടുത്ത ശ്രമം ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സൈറ്റുകളില്‍ ലൈവ് ബ്രോഡ്കാസ്റ്റിങ് നടത്താനയാരിക്കും എന്നു പറയുന്നു. ഇത്തരം നീക്കങ്ങളില്‍ പലതും എളുപ്പത്തല്‍ പ്രശസ്തരാകാനുള്ള ശ്രമങ്ങളാണ്. റിയാലിറ്റി ഷോ എന്ന പേരില്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ച പ്രോഗ്രാമുകള്‍ക്ക് കിട്ടിയിരുന്ന സ്വീകര്യത ഓര്‍ക്കുന്നോ? ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നമ്മളൊക്കെ അറിഞ്ഞോ അറിയാതെയോ ഭാവിയില്‍ റിയാലിറ്റി ഷോയിലെ ‘അഭിനേതാക്കള്‍’ ആയെന്നു വരാം. പൊടി ക്യാമറകള്‍ വരുന്നു സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയുടെ കടന്നു കയറ്റം തന്നെ പ്രശ്‌നമാണെന്നു തോന്നുന്നുണ്ടോ. എങ്കില്‍ ഇപ്പോള്‍ പണിപ്പുരയിലുള്ള രണ്ടു ക്യാമറകളെപ്പറ്റി പറയാം. അവയുടെ സാന്നിധ്യം അറിയാന്‍ തന്നെ പ്രയാസമായിരിക്കും എന്നാണ് പറയുന്നത്. ഒന്നാമത്തേത് MiP.O.V ടെക്‌നോളജീസ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പൊടി ക്യാമറയാണ്. ആഭരണത്തിലും മററും ധരിക്കാവുന്ന ഇവയുടെ സാന്നിധ്യം കണ്ടു പിടിക്കുക ശ്രമകരമാണത്രെ. സാക്ഷാല്‍ സോണിയാണ് ഈ വിഭാഗത്തില്‍ ഏറ്റവും വലിയ നീക്കവുമായി എത്തിയിരിക്കുന്നത്. തങ്ങള്‍ നിര്‍മിക്കുന്നുവെന്ന് അവര്‍ പറഞ്ഞ കോണ്ടാക്ട് ലെന്‍സ് ക്യാമറയുടെ സാധ്യതകളെക്കുറിച്ചു ചിന്തിക്കൂ. ഇവയ്‌ക്കെല്ലാം റെക്കോഡു ചെയ്ത വിഡിയോയും ഫോട്ടോയും എല്ലാം ക്ഷണം സ്മാര്‍ട്ട്‌ഫോണിക്കും മറ്റും മാറ്റാനുള്ള കഴിവുമുണ്ട്. ക്യാമറയുടെ കടന്നുകയറ്റം, നമ്മള്‍ ആദ്യം കണ്ട ഉദ്യോഗസ്ഥനു സംഭവച്ചതു പോലെയോ, അതിനപ്പുറമോ, നമ്മുടെ ജീവിതത്തിനും പ്രവൃത്തികള്‍ക്കും, നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത വ്യാഖ്യാനങ്ങള്‍ സാധ്യമാക്കും. ഇപ്പോള്‍ അത്യാവശ്യം നോക്കിയും കണ്ടും ജീവിച്ചാല്‍ നമ്മളുടെ പരസ്യ വ്യക്തിത്വം നമുക്കു നിയന്ത്രിക്കാം. പക്ഷെ, ക്യാമറാ ടെക്‌നോളജി ഇതെല്ലാം പെട്ടെന്നുതന്നെ മാറ്റിമറിച്ചേക്കാം. ഇതൊന്നും സയന്‍സ് ഫിക്ഷനില്‍ സംഭവിക്കുന്ന കാര്യങ്ങളല്ല. ദാ പടിക്കലെത്തി കഴിഞ്ഞു.
‘ഷൂട്ട് ആന്‍ഡ് ഷെയര്‍’, ഒളിക്യാമറകളുടെ നിഗൂഢ ലോകത്ത് സ്വകാര്യത മറന്നേ മതിയാകൂ!
RELATED ARTICLES