സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വമ്പന്‍മാരല്ലെങ്കിലും സാങ്കേതിക തികവുകൊണ്ട് വീണ്ടും ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട് സോണി. സോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ XZ പ്രീമിയം ആണ് സൂപ്പര്‍ സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശേഷിയുമായി എത്തുന്നത്. ഒരു സെക്കന്റില്‍ 960 ഫ്രെയിമുകള്‍ പകര്‍ത്താനുള്ള ശേഷിയാണ് സോണി ക്യാമറയെ വ്യത്യസ്തമാക്കുന്നത്. സാങ്കേതിക മികവിലുള്ള ആത്മവിശ്വാസവും സോണിയുടെ മുഖമുദ്രയാണ്. അതുകൊണ്ടു തന്നെയാണ് തങ്ങള്‍ അവതരിപ്പിക്കുന്ന പുത്തന്‍ സെന്‍സറുകള്‍ ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ മറ്റു മുന്‍നിര കമ്പനികള്‍ക്ക് നല്‍കാന്‍ സോണി തയ്യാറാകുന്നതും. പരസ്പരം പകര്‍പ്പവകാശത്തിന്റെ പേരില്‍ ലോകത്തെങ്ങുമുള്ള കോടതികളില്‍ നോക്കിയയും ആപ്പിളും സാംസങ്ങുമടക്കമുള്ള കമ്പനികള്‍ പരസ്പരം നിയമപോരാട്ടം നടത്തുമ്പോഴാണ് സോണി ഈ നയം പിന്തുടരുന്നത്. ആപ്പിള്‍, സാംസങ്ങ്, എല്‍ജി, സിയോണി തുടങ്ങി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖര്‍ സോണിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. എങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരു ശതമാനം പങ്കാളിത്തം മാത്രമേ സോണിക്കുള്ളൂ. കമ്പനികളുടെ പട്ടികയില്‍ വില്‍പനയുടെ കാര്യത്തില്‍ പതിനേഴാം സ്ഥാനത്താണ് സോണി. ബാഴ്‌സലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് സോണിയുടെ സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറകള്‍ അവതരിപ്പിച്ചത്. മോഷന്‍ ഐ സാങ്കേതികവിദ്യ എന്നാണ് സോണി തങ്ങളുടെ സൂപ്പര്‍സ്ലോമോഷന്‍ സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്. ഈ മാസം ആദ്യമാണ് തങ്ങളുടെ പുതിയ സെന്‍സറെക്കുറിച്ച് സോണി പ്രഖ്യാപനം നടത്തിയത്. എച്ച്ഡി വലിപ്പത്തിലുള്ള 1000 ഫ്രെയിമുകള്‍ പ്രതിസെക്കന്റില്‍ ചിത്രീകരിക്കാന്‍ ശേഷിയുള്ള സെന്‍സറെന്നാണ് പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ അല്‍പം ശേഷികുറഞ്ഞ സെന്‍സറാണ് സോണി അവതരിപ്പിച്ചത്. 720p റെസല്യൂഷനില്‍ 960 ഫ്രെയിമുകളാണ് സെന്‍സറുകള്‍ പകര്‍ത്തുന്നത്. ആറ് സെക്കൻഡുകള്‍ മാത്രമാണ് ഈ രീതിയില്‍ വിഡിയോ പകര്‍ത്താനാവുക. എന്നാല്‍ സാധാരണ വിഡിയോ പകര്‍ത്തുന്നതിനിടെ സൂപ്പര്‍സ്ലോമോഷനിലേക്കും തിരിച്ചും പോകാനുള്ള ശേഷി സോണിക്കുണ്ട്. എന്നാല്‍ കൃത്യമായി ആറ് സെക്കൻഡ് സമയം കണക്കാക്കി സൂപ്പര്‍സ്ലോമോഷന്‍ വിഡിയോ ചിത്രീകരിക്കാനുള്ള ഉപഭോക്താവിന്റെ ശേഷിയും പരീക്ഷിക്കപ്പെടും. ജാപ്പനീസ് കമ്പനിയുടെ പുതിയ ഫീച്ചറിനെ കയ്യടികളോടെയാണ് ടെക് ലോകം സ്വീകരിച്ചത്. സോണിയുടെ ടച്ച് പ്രൊജക്ടറുകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ചുമരിലോ മേശകള്‍ക്ക് മുകളിലോ മൊബൈല്‍ സ്‌ക്രീനുകള്‍ കാണുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ ടച്ച് പ്രൊജക്ടറുകള്‍ക്ക് ശേഷിയുണ്ട്. പരമാവധി 58.4 സെന്റിമീറ്റര്‍ വീതിയിലും 203.2 സെന്റിമീറ്റര്‍ നീളത്തിലും ഈ ടച്ച് പ്രൊജക്ടറുകള്‍ക്ക് ദൃശ്യങ്ങള്‍ വിന്യസിക്കാനാകും. ഈ ടച്ച് പ്രൊജക്ടറുകള്‍ക്ക് 1499 ഡോളറാണ് (ഏകദേശം ഒരു ലക്ഷം രൂപ) പ്രതീക്ഷിക്കുന്ന വില.
സോണി വീണ്ടും അമ്പരപ്പിച്ചു, സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറയുമായി എക്‌സ്പീരിയ XZ
RELATED ARTICLES