മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക. മാസ്ക് നിർബന്ധമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.
കോവിഡ് ലോക്ഡൗണിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ അടച്ചത്. പിന്നീട് കേന്ദ്രസർക്കാർ ഇളവ് നൽകിയപ്പോഴും സുരക്ഷ മുൻനിർത്തി ആരാധനാലയങ്ങൾ തുറക്കാൻ മഹാരാഷ്ട്ര സർക്കാർ തയാറായിരുന്നില്ല. തീരുമാനത്തിനെതിരെ മഹാരാഷ്ട്ര ഗവർണർ ഭഗത്സിങ് കോശ്യാരിയും ബി.ജെ.പിയും രംഗത്തെത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളും തുറക്കുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിട്ടുണ്ട്. ഒമ്പത് മുതൽ12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കാവും അധ്യയനം ആരംഭിക്കുക.