എരുമപ്പെട്ടി: സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസിൽ ബുധനാഴ്ച അറസ്റ്റിലായ രണ്ടുപേരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ചിറ്റിലങ്ങാട് സ്വദേശികളായ ആലിക്കൽ വീട്ടിൽ സുജയ് കുമാർ (36), കുഴിപറമ്പിൽ വീട്ടിൽ സുനീഷ് (40) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ചിറ്റിലങ്ങാട് പ്രദേശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കുന്നംകുളം എ.സി.പി ടി.എസ്. സിനോജ്, എരുമപ്പെട്ടി സി.ഐ കെ.കെ. ഭൂപേഷ്, എസ്.ഐ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തിയും ഇരുമ്പുദണ്ഡും സംഭവം നടന്ന സ്ഥലത്തു നിന്നും 300 മീറ്ററോളം അകലെയുള്ള വാട്ടർ ടാങ്കിനോട് ചേർന്നുള്ള പറമ്പിൽ നിന്നും പ്രതികൾ വീണ്ടെടുത്തു.
സംഭവം നടന്ന സ്ഥലം പ്രതികൾ പൊലീസിനെ കാണിച്ചു കൊടുക്കുകയും സംഭവസ്ഥത്തു നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. നിരവധിപേർ പേർ പ്രതികളെ കാണുന്നതിനായി സംഭവസ്ഥലത്തെത്തിയിരുന്നു. തെളിവെടുപ്പിനു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. കേസിലുൾപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി നന്ദൻ ഇപ്പോൾ റിമാൻഡിലാണ്. സനൂപ് വധക്കേസിൽ മൂന്നു പേരാണ് അറസ്റ്റിലായത്.