തൃശൂർ∙ പാമ്പാടി നെഹ്റു കോളജിൽ സമരം ചെയ്ത വിദ്യാർഥികളോടു മാനേജ്മെന്റിന്റെ പ്രതികാര നടപടി. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത നാലു വിദ്യാർഥികൾക്കെതിരെയാണ് നടപടിയെടുക്കാൻ നീക്കം നടക്കുന്നത്. ഈ നാലു വിദ്യാർഥികളുടെയും രക്ഷിതാക്കളെ പിടിഎ യോഗത്തിൽ പങ്കെടുപ്പിച്ചില്ല. നാലു പേർക്കുമെതിരെ നടപടി ഉണ്ടാകുമെന്നു വാക്കാൽ കോളജ് അറിയിച്ചു. ഇതേത്തുടർന്നു കോളജിൽ എസ്എഫ്ഐയുടെ സമരം ആരംഭിച്ചു. ഓരോ ഡിപ്പാർട്മെന്റ് ആയി ഭാഗികമായി കോളജ് പ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം, വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജിഷ്ണുവിന്റെ മരണമടക്കമുള്ള വിവരങ്ങൾ പുറത്തെത്തിക്കുകയും സമരം ചെയ്യുകയും ചെയ്ത വിദ്യാർഥികളെയാണു സസ്പെൻഡ് ചെയ്തത്. ഒരു മാസത്തോളം അടഞ്ഞുകിടന്ന കോളജ് കഴിഞ്ഞ ദിവസം മുതൽ ഓരോ വിഭാഗങ്ങളായി തുറന്നു പ്രവർത്തിച്ചിരുന്നു. അതിന്റെ ഭാഗമായി ഫാർമസി കോളജ് തുറക്കുന്നതിനു മുൻപു വിളിച്ച അധ്യാപക – രക്ഷാകർതൃ യോഗത്തിലേക്കു നാലു വിദ്യാർഥികളുടെ മാതാപിതാക്കളെ മാത്രം വിളിച്ചില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അവർക്കെതിരെ നടപടിയെക്കുകയാണെന്നും അതിനാലാണു മാതാപിതാക്കളെ വിവരം അറിയിക്കാത്തതെന്നും കോളജിൽനിന്ന് അറിയിച്ചത്. കോളജിനെതിരെ പ്രവർത്തിച്ചുവെന്ന വിശദീകരണമാണ് ഇതിനു കാരണമായി അധികൃതർ പറഞ്ഞത്. നാലാം വർഷ വിദ്യാർഥികളായ അതുൽ ജോസ്, നിഖിൽ ആന്റണി, സുജേഷ്, മുഹമ്മദ് ആഷിഖ് എന്നിവർക്കെതിരെയാണു നടപടിയെടുത്തത്.
നെഹ്റു കോളജിൽ മാനേജ്മെന്റിന്റെ പ്രതികാര നടപടി: വിദ്യാർഥികള്‍ക്കു സസ്പെൻഷൻ
RELATED ARTICLES