Monday, December 23, 2024
Google search engine
HomeUncategorizedഅനിശ്ചിതത്വങ്ങൾക്കു നടുവിൽ തമിഴ് രാഷ്ട്രീയം; ഗവർണർ ഇന്നെത്താൻ സാധ്യതയില്ല

അനിശ്ചിതത്വങ്ങൾക്കു നടുവിൽ തമിഴ് രാഷ്ട്രീയം; ഗവർണർ ഇന്നെത്താൻ സാധ്യതയില്ല

ചെന്നൈ ∙ തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു ഇന്ന് ചെന്നൈയിലെത്തിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മുംബൈയിലുള്ള അദ്ദേഹം ഇതുവരെ പുറപ്പെട്ടിട്ടില്ല. കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന് 22 എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാനായിട്ടുണ്ടെന്നാണു വിവരം. മന്ത്രിസഭ രൂപീകരിക്കാൻ 117 എംഎൽഎമാരുടെ പിന്തുണയാണ് ആവശ്യം. അതേസമയം, ഗവർണർ എത്തിയാൽ മന്ത്രിസഭ രൂപീകരിക്കാൻ അദ്ദേഹം അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ താൻ രാജി പിൻവലിക്കാൻ തയാറാണെന്ന് പനീർസെൽവം ഇന്നലെ വ്യക്തമാക്കിയിരുന്നു.   ശശികലയും പനീർസെൽവവും (ഫയൽ ചിത്രം) അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം രംഗത്തെിയിരുന്നു. തന്നെ നിർബന്ധപൂർവം രാജിവയ്പിക്കുകയായിരുന്നുവെന്നും നിയമസഭാ കക്ഷി യോഗം വിളിച്ചതു താൻ അറിയാതെയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വെളിപ്പെടുത്തലുകൾക്കു പിന്നാലെ പോയസ് ഗാർഡനിൽ ശശികല വിളിച്ചുചേർത്ത പാർട്ടി ഉന്നതതല യോഗം പനീർസെൽവത്തെ അണ്ണാ ഡിഎംകെ ട്രഷറർ സ്ഥാനത്തുനിന്നു പുറത്താക്കി.   ജയലളിതയുടെ സ്മാരകത്തിൽ ഒ. പനീർസെൽവം. ചിത്രം: എഎൻഐ, ട്വിറ്റർ. പാർട്ടി ഒറ്റക്കെട്ടാണെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും രാത്രി 1.15നു ശശികല വീടിനു പുറത്തെത്തി പ്രഖ്യാപിച്ചെങ്കിലും ഏറെക്കുറെ പിളർപ്പിന്റെ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. 135 അണ്ണാ ഡിഎംകെ എംഎൽഎമാരിൽ ഒരു വിഭാഗത്തിന്റെ പിന്തുണ പനീർസെൽവത്തിനുണ്ടെന്നാണു സൂചന. എംഎൽഎമാർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നിലപാട് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ശശികലയുടെ സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ നേരത്തേ തന്നെ താൽക്കാലികമായി നിർത്തിവച്ചിരുന്നു.   ജയലളിതയുടെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്ന ഒ. പനീർസെൽവം. രാത്രി ഒൻപതു മണിയോടെ മറീന ബീച്ചിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിലെത്തിയ പനീർസെൽവം 40 മിനിറ്റിലേറെ ധ്യാനത്തിലിരുന്ന ശേഷമാണു ശശികലയ്ക്കെതിരെ ആഞ്ഞടിച്ചത്. ജയയുടെ മരണശേഷം പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ. മധുസൂദനനെ ജനറൽ സെക്രട്ടറിയാക്കാനും തന്നെ മുഖ്യമന്ത്രിയാക്കാനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയാകാനില്ലെന്നു പറഞ്ഞതാണ്. എന്നാൽ, മുൻപു രണ്ടു തവണയും തന്നെയാണു ജയലളിത നിർദേശിച്ചത്. അക്കാരണത്താൽ ഇത്തവണയും മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.  കുറച്ചു ദിവസത്തിനു ശേഷം ശശികലയെ ജനറൽ സെക്രട്ടറിയാക്കണമെന്ന് അവരുടെ സഹോദരൻ ദിവാകരൻ ആവശ്യപ്പെട്ടു. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ജനറൽ കൗൺസിൽ ചേർന്ന് അവരെ ജനറൽ സെക്രട്ടറിയാക്കി. പിന്നാലെ ചില മന്ത്രിമാർ തന്നെ ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി ആർ.ബി. ഉദയകുമാർ ഈയാവശ്യം ഉന്നയിച്ചപ്പോൾ തന്നെ അക്കാര്യം ശശികലയുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. ഇനി ഉദയകുമാറിന്റെ ഭാഗത്തു നിന്ന് അങ്ങനെയുണ്ടാവില്ലെന്ന് അവർ പറഞ്ഞു. എന്നാൽ, അതിനു ശേഷവും മന്ത്രിമാർ പറഞ്ഞു. ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ കത്തെഴുതുക വരെ ചെയ്തതു തന്നെ മാനസികമായി തളർത്തി. പാർട്ടിക്ക് ഒന്നും സംഭവിക്കരുതെന്നു കരുതി മിണ്ടിയില്ല.   ഈ സാഹചര്യത്തിലാണു പാർട്ടി നിയമസഭാ കക്ഷി യോഗം കൂടിയത്. അന്നു രാവിലെ പോയസ് ഗാർഡനിൽ പോയപ്പോൾ അവിടെ മുതിർന്ന മന്ത്രിമാരും പാർട്ടിയിലെ പ്രമുഖ നേതാക്കളും ശശികലയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ശശികലയെ മുഖ്യമന്ത്രിയാക്കാൻ മുൻകയ്യെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇപ്പോൾ എന്താണ് അതിന്റെ ആവശ്യമെന്നു ചോദിച്ചപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരാൾ തന്നെ വഹിക്കണമെന്ന വാദമാണുന്നയിച്ചത്. ഭീഷണിപ്പെടുത്തി രാജിവയ്പിക്കുകയായിരുന്നു.   ജയയുടെ സ്മാരകത്തിലെത്തി അമ്മയുടെ ആത്മാവിനോട് എന്താണു ചെയ്യേണ്ടതെന്നു ചോദിച്ചു. എല്ലാ കാര്യങ്ങളും തുറന്നു പറയാൻ അമ്മയുടെ ആത്മാവ് പറഞ്ഞു. ജനങ്ങൾ ഒന്നടങ്കം അംഗീകരിക്കുന്ന ആൾ പാർട്ടിയെയും സർക്കാരിനെയും നയിക്കണം. നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അതിനു വേണ്ടി ഏതുവരെയും പോരാടുമെന്നും പനീർസെൽവം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com