സോൾ∙ യുഎൻ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഉത്തര കൊറിയ. ആണവായുധങ്ങൾ ഉപയോഗിച്ചു ജപ്പാനെ ‘കടലിൽ മുക്കു’മെന്നും യുഎസിനെ ‘ചാരമാക്കും’ എന്നുമാണ് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ വാർത്ത ഏജൻസി കെസിഎൻഎ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎൻ ഉപരോധത്തെ കടുത്ത ഭാഷയിലാണ് ഉത്തര കൊറിയ വിമർശിച്ചത്. ‘ആപത്കാലത്തിന്റെ ഉപകരണം’ എന്നായിരുന്നു വിദേശബന്ധങ്ങളുടെ ചുമതലയുള്ള കൊറിയ ഏഷ്യ – പസിഫിക് പീസ് കമ്മിറ്റി ഉപരോധത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ‘കോഴ വാങ്ങിയ രാജ്യങ്ങൾ’ ആണ് ഉപരോധത്തെ പിന്താങ്ങിയതെന്നും കമ്മിറ്റി ആരോപിച്ചു. ‘ഞങ്ങളുടെ സമീപത്ത് ജപ്പാൻ ഇനി ആവശ്യമില്ല. ജപ്പാന്റെ നാല് ദ്വീപുകളെ അണുബോംബിട്ടു കടലിൽ മുക്കും. യുഎസിനെ ചാരമാക്കി ഇരുട്ടിലാക്കും’– ഉത്തര കൊറിയ പറഞ്ഞു. വാചകമടി തുടർന്നാൽ യുഎസ് കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പിനുശേഷമാണു പുതിയ ഭീഷണി. യുഎസ് അവരുടെ നിഷേധാത്മക നിലപാടു തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചർച്ചകൾക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ആണവപദ്ധതിക്കു പണം കിട്ടാതാവുന്നതോടെ ഉത്തര കൊറിയ ചർച്ചയ്ക്കു വഴങ്ങുമെന്ന കണക്കുകൂട്ടലിൽ കടുത്ത ഉപരോധ നടപടികളാണ് യുഎൻ രക്ഷാസമിതി സ്വീകരിച്ചത്. പ്രകൃതി വാതകം, എണ്ണയുടെ ഉപോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി പൂർണമായി വിലക്കി. കൽക്കരി കഴിഞ്ഞാൽ തുണിത്തരങ്ങളുടെ കയറ്റുമതിയാണു കൊറിയയുടെ പ്രധാന വരുമാനമാർഗം. ഇതും നിരോധിച്ചു. വിദേശത്തു ജോലി ചെയ്യുന്ന 93,000 കൊറിയൻ പൗരന്മാർ നികുതിയിനത്തിൽ അയയ്ക്കുന്ന തുകയ്ക്കു വിലക്ക് ഏർപ്പെടുത്തി. സംയുക്ത സംരംഭങ്ങൾ വിലക്കിയതോടെ നിക്ഷേപസാധ്യതകളും സാങ്കേതികവിദ്യാ കൈമാറ്റവും ഇനി നടക്കില്ല. രാജ്യത്തിന്റെ ആറാമത് ആണവപരീക്ഷണത്തിൽ 120 കിലോ ടൺ സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബ് ആണ് ഉത്തരകൊറിയ കഴിഞ്ഞദിവസം പരീക്ഷിച്ചത്. ഇതേത്തുടർന്നാണു മേഖലയിൽ സംഘർഷാന്തരീക്ഷം വർധിച്ചത്.