പേരും റോൾ നമ്പറും എഴുതിയ വിദ്യാർഥി പുറത്തിറങ്ങി പകരം മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ്
ഗുവാഹത്തി: അഖിലേന്ത്യ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ (ജെ.ഇ.ഇ -മെയിൻ) 99.8 ശതമാനം മാർക്ക് നേടി അസമിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിയെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നീൽ നക്ഷത്ര ദാസ്, പിതാവ് ഡോ. ജ്യോതിർമയി ദാസ് എന്നിവരാണ് ആൾമാറാട്ടത്തിന് അറസ്റ്റിലായത്.
ഈ വർഷം നടന്ന പരീക്ഷയിലാണ് സംഭവം. സെൻററിൽ പ്രവേശിച്ച വിദ്യാർഥി പേരും റോൾ നമ്പറും എഴുതിയ ശേഷം പുറത്തു കടക്കുകയായിരുന്നു. തുടർന്ന് മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. പരീക്ഷ സെൻററിലെ ഇൻവിജിലേറ്റർ ഉൾപ്പെടെയുള്ളവരുടെ സഹായം ഇതിനായി ലഭിച്ചതായും സംശയിക്കുന്നുണ്ട്. സെൻറർ ജീവനക്കാരായ മൂന്നു പേരെ അറസ്റ്റുചെയ്തു. സെൻറർ സീൽ ചെയ്ത പൊലീസ്, അധികൃതർക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്ന് ഗുവാഹത്തി പൊലീസ് കമീഷണർ എം.പി ഗുപ്ത പറഞ്ഞു. മിത്ര ദേവ് ശർമ എന്നയാളുടെ പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് ആസറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉയർന്ന റാങ്ക് നേടാൻ പ്രതികൾ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇയാളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട ഫോൺ കോൾ വിവരങ്ങളും വാട്സാപ്പ് ചാറ്റുകളും ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് രാജ്യത്തെ ഞെട്ടിച്ച വൻ തട്ടിപ്പ് പുറത്തായത്.